എഴുത്ത്, സമൂഹം, ജീവിതം എന്നിവ വേറിടാതെ പരസ്പരം നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന സർഗാത്മകലോകമാണ് സാറാ ജോസഫിന്റേത്. എഴുത്തിനെക്കുറിച്ച് സംസാരിച്ചുതുടങ്ങിയാൽ അത് സമൂഹത്തിലേക്കും തിരിച്ച് സമൂഹത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ എഴുത്തിലേക്കും സ്വാഭാവികമായി കയറിയിറങ്ങുന്നു.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിൽ സാറാജോസഫുമായി, സ്ത്രീയുടെ കഥ, കഥയിലെ സ്ത്രീ എന്ന വിഷയത്തിൽ കഥാകൃത്ത് ഉണ്ണി ആർ നടത്തിയ മുഖാമുഖമാണ് ഇത്.
ഉണ്ണി ആർ: ടീച്ചറിന്റെ ആദ്യത്തെ പുസ്തകം 'മനസ്സിലെ തീ മാത്രം' എൻ.ബി.എസ്. ആണ് പ്രസിദ്ധീകരിച്ചത്. എന്തുകൊണ്ട് ആ പുസ്തകത്തിന്റെ പുതിയ പതിപ്പിന് ടീച്ചർ മടിക്കുന്നു? ഏതുകാലത്താണ് അത്പ്രസിദ്ധീകരിച്ചത്?
സാറാ ജോസഫ്: എന്റെ ഓർമ്മ ശരിയാണെങ്കിൽ 75-78- ന്റെ ഇടയിലായിരിക്കണം ആദ്യപതിപ്പ് വന്നത്. ആദ്യകാലത്ത് എഴുതിയിട്ടുള്ള കുറച്ച് കഥകളുടെ സമാഹാരമാണത്. ഡാൻസാവട്ടെ, പാട്ടാവാട്ടെ ഏതുമാവട്ടെ തുടക്കത്തിൽ നമുക്ക് കുറെയധികം അപാകതകളുണ്ടായിരിക്കും, തുടക്കം വികസ്വരമാവുന്ന അവസ്ഥയുടെ കുറവുകളും അതിലുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ആദ്യത്തെ കഥാസമാഹാരം എന്ന രീതിയിൽ ആ കഥകളെ അടയാളപ്പെടുത്തിയാൽ മതി. രണ്ടാം പതിപ്പ് വരണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല, അങ്ങനെ ചിന്തിച്ചിട്ടില്ല. 'കാടിന്റെ സംഗീത'വും 'മനസ്സിലെ തീ മാത്ര'വും പ്രസിദ്ധീകരിച്ച് പിന്നെയൊരു പന്ത്രണ്ടുകൊല്ലം കഴിഞ്ഞിട്ടാണ് 'പാപത്തറ' എന്ന സമാഹാരം വരുന്നത്. അതുതന്നെ എം.എ.യ്ക്കു പഠിക്കുന്ന കുട്ടികളുടെ ഉത്സാഹം കൊണ്ടാണു വരുന്നത്.
