ഗോത്രസമൂഹങ്ങൾ കാലങ്ങളായി അനുഭവിച്ചു വരുന്ന ചൂഷണങ്ങളെയും അപ്രഖ്യാപിത അടിയന്തരാവസ്ഥകളെയും തുറന്നുകാട്ടി അടിയന്തരാവസ്ഥയുടെ വനപർവ്വം: ഇരയാക്കപ്പെട്ട ആദിവാസികൾ എന്ന പാനൽ ചർച്ച. കെ അജിത, വിനോദ് ചെല്ലൻ, ഉണ്ണികൃഷ്ണൻ ആവള എന്നിവരാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ എഴുത്തോല വേദിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്.
അടിയന്തരാവസ്ഥ കേരള ജനതയെ എത്തരത്തിലാണ് ബുദ്ധിമുട്ടിച്ചതെന്നും അക്കാലത്തെ ജനാധിപത്യപരമല്ലാത്ത അനീതികളെക്കുറിച്ചും കെ അജിത വിവരിച്ചു. കൂടാതെ നമ്മുടെ നാട്ടിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ ഇപ്പോഴും തുടരുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
അടിയന്തരാവസ്ഥാ കാലഘട്ടത്തിലും അല്ലാതെയും ആദിവാസി ജനതയ്ക്ക്, പ്രത്യേകിച്ച് ചോരനായ്ക്കർ, കാട്ടുനായ്ക്കർ, വിഭാഗങ്ങൾക്ക് നേരിടേണ്ടി വന്ന കൊടിയ വഞ്ചനകളും പീഡനങ്ങളും വേദിയിൽ ചർച്ച ചെയ്യപ്പെട്ടു.
അടിയന്തരാവസ്ഥ കാലത്ത് വിശപ്പിനെ മുതലെടുത്ത് വന്ധ്യംകരണം വരെ നടന്നുവെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഗവേഷകൻ കൂടിയായ വിനോദ് ചെല്ലൻ വെളിപ്പെടുത്തിയത്. ഗോത്രവിഭാഗങ്ങളെ, പ്രത്യേകിച്ചും വംശനാശ ഭീഷണി നേരിടുന്ന വിഭാഗങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ച് വന്ധ്യംകരണത്തിന് വിധേയരാക്കിയെന്ന് വിനോദ് ചെല്ലൻ സൂചിപ്പിച്ചു.
