പുതിയ നോവൽ 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' പുസ്തകത്തിൻ്റെ വിശേഷങ്ങളുമായി എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ കെ എൽ എഫ് വേദിയിൽ. 'പതിനെട്ടാം കൂറ്റുകാരനായ ട്രംപ്' എന്ന സെഷനിൽ മോഡറേറ്റർ രാഹുൽ രാധാകൃഷ്ണനുമായി അദ്ദേഹം സംസാരിച്ചു. പത്തു വർഷം മുമ്പ് പ്രസിദ്ധീകരിച്ച 'ഫ്രാൻസിസ് ഇട്ടിക്കോര'യുടെ തുടർച്ചയാണ് 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' എന്ന പുസ്തകം.
പതിനെട്ടാം നൂറ്റാണ്ടിലെ വ്യാപാര ലാഭലോലതയും ഇന്നത്തെ ആഗോള മൂലധനവ്യവസ്ഥയും തമ്മിലുള്ള ബന്ധമാണ് നോവലിന്റെ കേന്ദ്ര ആശയം. ഈ ചിന്താധാരയുടെ ആധുനിക പ്രതീകമായി ഡൊണാൾഡ് ട്രംപ് നോവലിൽ പ്രത്യക്ഷപ്പെടുന്നതായും ടി ഡി രാമകൃഷ്ണൻ പറഞ്ഞു. നോവലിലെ ‘പതിനെട്ടാം നൂറ്റാണ്ടുകാർ’ ലാഭവും നിയന്ത്രണവും മാത്രം ലക്ഷ്യമാക്കുന്ന രഹസ്യ വ്യാപാര സംഘത്തെ പ്രതിനിധീകരിക്കുന്നു. ആദ്യ കൃതിയിൽ കുരുമുളക് വ്യാപാരമായിരുന്നെങ്കിൽ, തുടർച്ചയിൽ ഈ മനോഭാവം ആധുനിക ക്യാപിറ്റലിസമായി മാറുന്ന വഴിയാണ് അന്വേഷിക്കുന്നത്. ‘ഡീൽ’ കേന്ദ്രമായ ട്രംപിയൻ രാഷ്ട്രീയം, നൈതികതയെ മറികടക്കുന്ന ലാഭചിന്തയുടെ തുടർച്ചയാണെന്ന് രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
യുവ വായനക്കാരെ സമീപിക്കാൻ കെ-പോപ്പ്, കൊറിയൻ വേവ്, ഡിജിറ്റൽ സംസ്കാരം തുടങ്ങിയ ആധുനിക സൂചനകൾ നോവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റാംസി സംഖ്യ R(4,4)=18 വഴി, അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും അദൃശ്യ ഘടനകളിലേക്കാണ് കഥ നീങ്ങുന്നത്.
