കഥ എഴുത്തില്‍ ക്രാഫ്റ്റിൻ്റെ പ്രാധാന്യവും അത് രൂപപ്പെടുന്ന രീതിയും കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ചർച്ചയായി. കഥയ്ക്ക് ക്രാഫ്റ്റ് ഭാരമോ? എന്ന സെഷനിൽ എഴുത്തുകാരായ വി ദിലീപ്, പുണ്യ സി ആർ, ഡി പി അഭിജിത്ത്, ഹരികൃഷ്ണൻ തച്ചാടൻ എന്നിവർ സംസാരിച്ചു. കവി എസ് കലേഷ് മോഡറേറ്ററായ ചർച്ചയിൽ കഥയിലെ ക്രാഫ്റ്റിന്റെ പ്രാധാന്യം, അത് രൂപപ്പെടുന്ന രീതി, രാഷ്ട്രീയവുമായുള്ള അതിന്റെ ബന്ധം എന്നീ വിഷയങ്ങളെല്ലാം ചർച്ചയായി.
ക്രാഫ്റ്റ് എന്നത് കഥയുടെ പ്രമേയത്തിന് ഉറപ്പ് നൽകുന്ന അടിത്തറയാണെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. ഒരു വീട് നിർമ്മിക്കുന്നതു പോലെയാണ് കഥയിൽ ക്രാഫ്റ്റ് രൂപപ്പെടുന്നത്. ഭാഷാപരമായ സവിശേഷതകൾ, ഘടന, ആഖ്യാനരീതി എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു വലിയ പ്ലാറ്റ്ഫോമായാണ് ക്രാഫ്റ്റിനെ നിർവ്വചിക്കുന്നത്.
എഴുതുന്നതിന് മുമ്പ് പലപ്പോഴും ക്രാഫ്റ്റിനെക്കുറിച്ച് ബോധപൂർവ്വമായ പ്ലാനുകൾ ഉണ്ടാകാറില്ലെന്ന് എഴുത്തുകാർ പങ്കുവെച്ചു. കഥാപാത്രങ്ങളുടെ പേരും പശ്ചാത്തലവും തിരഞ്ഞെടുക്കുമ്പോൾ അബോധപൂർവ്വമായി തന്നെ ഒരു ക്രാഫ്റ്റ് രൂപപ്പെടുന്നു. കഥയിലെ വാക്കുകളുടെ തിരഞ്ഞെടുപ്പിലും കഥാപാത്രങ്ങളുടെ സ്വഭാവരൂപീകരണത്തിലും എഴുത്തുകാരന്റെ ബോധപൂർവ്വമായ ഇടപെടൽ അനിവാര്യമാണെന്നും എഴുത്തുകാർ വാദിച്ചു.
