ശ്രീനാരായണ ഗുരുവിന്റെ അദ്വൈത ദർശനം എങ്ങനെയാണ് കേരളീയ സമൂഹത്തിൽ വലിയൊരു മാറ്റത്തിന് തിരിതെളിച്ചത് എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള ഒരു സംവാദത്തിനാണ് കെഎല്‍എഫ് വേദി ഇന്ന് സാക്ഷ്യം വഹിച്ചത്. ഗുരുവിന്റെ ആത്മീയത വെറുമൊരു തത്വശാസ്ത്രമായിരുന്നില്ല, മറിച്ച് അത് സാധാരണക്കാരന്റെ ജീവിതത്തെ സ്പർശിച്ച ഒരു വിമോചന മാർഗമായിരുന്നു എന്ന് ശശി തരൂര്‍ പറഞ്ഞു. കെ സച്ചിദാനന്ദനായിരുന്നു മോഡറേറ്റര്‍.
ആദിശങ്കരൻ 'ബ്രഹ്മം ഒന്നാണ്' എന്ന ദർശനം ഉയർത്തിപ്പിടിച്ചപ്പോൾ, ഗുരു അതിനെ മനുഷ്യത്വത്തിന്റെ തലത്തിലേക്ക് കൊണ്ടുവന്നു എന്ന് ശശി തരൂര്‍ പറഞ്ഞു. "നാം എല്ലാവരും ഒരേ രക്തമുള്ളവരാണ്, പരസ്പരം വേദനിക്കുമ്പോൾ അനുഭവപ്പെടുന്നത് ഒരേ വേദനയാണ്" എന്ന തിരിച്ചറിവ് അദ്വൈതത്തെ സാധാരണക്കാരന്റെ ജീവിതവുമായി ബന്ധിപ്പിച്ചു. 'അപരത്വം' ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള ഗുരുവിന്റെ കാഴ്ചപ്പാട് ജാതീയമായ വേർതിരിവുകളെ വേരോടെ പിഴുതെറിയാൻ സഹായിച്ചു.
ദളിത് സമൂഹങ്ങൾ നേരിട്ടിരുന്ന അയിത്തം, കാണാപ്പാട് (unseeability), അയിത്തനിഴൽ (unshadowability) തുടങ്ങിയ ക്രൂരമായ വിവേചനങ്ങളെ ഗുരു നേരിട്ടത് യുക്തിസഹമായ ചോദ്യങ്ങളിലൂടെയും സമാധാനപരമായ പ്രവർത്തനങ്ങളിലൂടെയുമാണ്. മനുഷ്യർക്കിടയിലുള്ള വിവേചനം ഇല്ലാതാക്കാൻ അദ്ദേഹം തന്റെ അനുയായികളിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി മാതൃക കാട്ടി.
