കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ 'പൊതുപ്രവർത്തനത്തിലെ നൈതികത' എന്ന വിഷയത്തിൽ നടന്ന സംവാദം രാഷ്ട്രീയ മൂല്യങ്ങളെക്കുറിച്ചുള്ള ചർച്ചയായി മാറി. മുൻ എംഎൽഎ കെ എസ് ശബരിനാഥൻ, സിപിഐഎം നേതാവ് എസ് കെ സജീഷ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
സത്യസന്ധതയും മതനിരപേക്ഷതയുമാണ് ഒരു രാഷ്ട്രീയക്കാരന്റെ അടിസ്ഥാന യോഗ്യതകളെന്നും, ഒരു സാധാരണ രാഷ്ട്രീയക്കാരനും സ്റ്റേറ്റ്സ്മാനും തമ്മിലുള്ള വ്യത്യാസം ഈ നൈതിക മൂല്യങ്ങളിലാണെന്നും ശബരിനാഥൻ അഭിപ്രായപ്പെട്ടു. ജവഹർലാൽ നെഹ്റുവിന്റെ മതനിരപേക്ഷ നിലപാടുകളെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയപ്പോൾ, നിലവിലെ പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വീട്ടിൽ പൂജയ്ക്ക് പോയതിലെ നൈതികതയെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.
രാഷ്ട്രീയം പണത്തിന്റെയും പിആർ സ്ട്രാറ്റജിസ്റ്റുകളുടെയും നിയന്ത്രണത്തിലാകുന്നതിനെ വിമർശിച്ച എസ് കെ സജീഷ്, വാഗ്ദാനങ്ങൾ പാലിക്കുന്നതാണ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നൈതികതയെന്ന് വ്യക്തമാക്കി. സ്വന്തം സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത് വർഗീയതയല്ലെന്നും, അപരമതത്തോടുള്ള വിദ്വേഷമാണ് യഥാർത്ഥ വർഗീയതയെന്നും പി കെ ഫിറോസ് വാദിച്ചു.
