മലയാള കാവ്യചരിത്രത്തിൽ ഇതിഹാസ വിഷയങ്ങളെയും ഉപനിഷത് മാനങ്ങളെയും ആധുനിക ഭാവങ്ങളുമായി കൂട്ടിയിണക്കിയ കവി ശ്രീ പ്രഭാവർമ്മ, പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങൾ ആവിഷ്കരിക്കുന്ന തന്റെ പുതിയ കവിതാസമാഹാരമായ 'പ്രണയത്തിന്റെ കാവ്യപുസ്തകം'എന്ന കൃതിയെക്കുറിച്ച് സംവദിച്ചു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ ശ്യാമസുന്ദരം ;പ്രണയകവിതകളിലൂടെ എന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്യ ഗോപി ആയിരുന്നു മോഡറേറ്റർ.
ദീർഘമായ കാവ്യാഖ്യായികകളും (Poetic Verse Novels) നോവലുകളും എഴുതിയിരുന്ന പ്രഭാവർമ്മ, ഈ സമാഹാരത്തിൽ നാലുവരികളിൽ വലിയ ആശയങ്ങൾ ഒതുക്കി നിർത്തുന്ന രീതിയാണ് പിന്തുടരുന്നതെന്ന് ചർച്ചയിൽ വ്യക്തമാക്കി. തന്റെ മറ്റു രചനകളിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതരണ ശൈലിയാണ് പ്രണയത്തിന്റെ കാവ്യപുസ്തകത്തില്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
പ്രണയത്തിലെ നിശബ്ദമായ വിനിമയമാണ് ഏറ്റവും മനോഹരമെന്ന് താൻ വിശ്വസിക്കുന്നതായി പ്രഭാവർമ്മ പറഞ്ഞു. "നാം പറയാതെ മറ്റൊരാൾ അറിയുമ്പോഴാണ് പ്രണയത്തിന് ഒരു സൗരഭ്യം ഉണ്ടാകുന്നത്" എന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമാഗാനമായ "ഒരു ചെമ്പനീർ പൂവ് ഞാൻ ഒരുവേള നിനക്ക് നീട്ടിയില്ല" എന്ന വരികളിലും ഈ നിശബ്ദ പ്രണയത്തിന്റെ ആശയമാണുള്ളത്.
