'ആനന്ദം' പലർക്കും പലതരത്തിലാണ്. നാം ആനന്ദം കണ്ടെത്തുന്ന വ്യക്തികളിലോ പ്രവർത്തികളിലോ സന്ദർഭങ്ങളിലോ അല്ല മറ്റുള്ളവർ ആനന്ദം കണ്ടെത്തുന്നത്. എഴുത്തിലേക്ക് വരുമ്പോൾ ഓരോ എഴുത്തുകാരനും ആനന്ദം കണ്ടെത്തുന്നത് പല രീതികളിലാണ്. അത്തരത്തിലുള്ള ആനന്ദങ്ങളെക്കുറിച്ചുള്ള ചർച്ചയായി മാറുകയായിരുന്നു കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കഥ വേദി.
ഇവിടെ തങ്ങളുടെ എഴുത്തിലെ ആനന്ദം പങ്കുവെച്ചത് മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരായ സന്തോഷ് ഏച്ചിക്കാനം, സി എസ് ചന്ദ്രിക, പി വി ഷാജി കുമാർ, താഹ മാടായി എന്നിവരായിരുന്നു. ഒപ്പം മോഡറേറ്ററായി ബിപിൻ ചന്ദ്രനും വേദി പങ്കിട്ടു.
എഴുത്താണ് തനിക്ക് ആനന്ദം നൽകുന്നതെന്നും എഴുത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങി താഴ്ന്ന് അവിടെ നിന്നും കഥാന്ത്യത്തിലേക്ക് എത്തുമ്പോഴാണ് താൻ കൂടുതൽ സന്തോഷവാനാകുന്നത് എന്നാണ് സന്തോഷ് ഏച്ചിക്കാനം പറയുന്നത്. അതേസമയം എഴുത്ത് തനിക്ക് ആനന്ദം നൽകിയിട്ടില്ലായെന്നും ഈ ലോകം വളരെ ശോകമാണെന്ന കുട്ടിക്കാലത്തെ തിരിച്ചറിവ് ആനന്ദം എന്ന വാക്കിനോട് പേടി ഉണ്ടാക്കിയതായും പി വി ഷാജി കുമാർ പറഞ്ഞു. എല്ലാ മനുഷ്യനും ആത്യന്തികമായി ആനന്ദം തേടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
