ഓരോ സംഭവവികാസങ്ങളും എന്തിന് നടന്നു, എങ്ങനെ നടന്നു എന്നതിനാണ് ചരിത്രം രചിക്കുമ്പോൾ പ്രാധാന്യമെന്ന് പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പർ. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. 'Women writing history : Three generations' എന്ന ഓൺലൈൻ സെഷനിൽ പുസ്തകത്തിൻ്റെ സഹഎഴുത്തുകാരായ റൊമില ഥാപ്പർ, കുംകും റോയ്, പ്രീതി ഗുലാത്തി എന്നിവർ പങ്കെടുത്തു.
പ്രശസ്ത ചരിത്രകാരിയായ മാളവിക ബിന്നിയാണ് സെഷനിൽ മോഡറേറ്ററായി എത്തിയത്. ചരിത്രം ഉൾച്ചേർന്നതാവണമെന്നും ചരിത്രപഠനം നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതിലൂടെയാണ് സാധ്യമാവുകയെന്നും റൊമില ഥാപ്പർ അഭിപ്രായപ്പെട്ടു.
ഓൺലൈൻ സെഷനിൽ റൊമില ഥാപ്പറിനെ കൂടാതെ കുംകും റോയിയും പ്രീതി ഗുലാത്തിയും സംസാരിച്ചു. ലിംഗ ചരിത്രത്തിൻ്റെ (ജെൻഡർ ഹിസ്റ്ററി) പ്രാധാന്യത്തെക്കുറിച്ച് കുംകും റോയിയും ഭക്ഷണചരിത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രീതി ഗുലാത്തിയും സംസാരിച്ചു. മൂന്ന് തലമുറയുടെ കഷ്ടപ്പാടുകളും അനുഭവങ്ങളും പങ്കുവെച്ചു കൊണ്ടാണ് ഓൺലൈൻ സെഷൻ അവസാനിച്ചത്.
