സ്ത്രീകൾ സമൂഹത്തിൻ്റെ പതാകവാഹകരാണെന്ന് എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവുമായ പ്രതിഭ റായ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ Uttarmarga - Where Freedom Begins എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയിലെ സ്ത്രീകൾ പല സാഹചര്യങ്ങളിലും അടിച്ചമർത്തപ്പെടുന്നത് ഒരു എഴുത്തുകാരി എന്ന നിലയിൽ എങ്ങനെ നോക്കി കാണുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് അവർ ഇങ്ങനെ പറഞ്ഞത്. അതേസമയം, ധീരരായ വനിതകളെ സ്വീകരിക്കാൻ സമൂഹം ഇപ്പോഴും മടി കാണിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. ഡോ. ഇന്ദുലേഖ കെ ആർ മോഡറേറ്ററായി എത്തിയ സെഷനിൽ ഡോ. കനക് ഹോത്തയും ഉണ്ടായിരുന്നു. ഉത്തർമാർഗ (Uttarmarga) എന്ന പ്രതിഭ റായിയുടെ പുസ്തകവും, Uttarmarga: Where Freedom Reigns എന്ന ഡോ. കനക് ഹോത്തയുടെ ഇംഗ്ലീഷ് തർജ്ജമയുമാണ് ചർച്ചയ്ക്ക് പ്രമേയമായത്.
ഇന്ത്യൻ ചരിത്രത്തിൽ ഒന്നിലധികം ഗാന്ധിമാരും സുഭാഷ് ചന്ദ്രബോസുമാരും നിലനിൽക്കുന്നെന്ന് പ്രസ്താവിച്ചു കൊണ്ടാണ് പ്രതിഭ റായ് സംസാരം ആരംഭിച്ചത്. രാജ്യം ആദരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികൾക്ക് പുറമേ വ്യത്യസ്തമായ സ്വാതന്ത്ര്യങ്ങൾക്ക് വേണ്ടി പോരാടിയ അറിയപ്പെടാത്ത അനേകം വ്യക്തിത്വങ്ങൾ ഇന്ത്യയിലുടനീളം ഉണ്ടായിരുന്നു. ഈ വസ്തുത എടുത്തു കാട്ടാനാണ് താൻ ഈ പുസ്തകം എഴുതിയതെന്നും പ്രതിഭ റായ് വ്യക്തമാക്കി.
സ്ത്രീ സ്വാതന്ത്ര്യത്തിനും ഉന്നമനത്തിനുമാണ് കനക് ഹോത്ത ചർച്ചയിൽ പ്രാധാന്യം നൽകിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും സ്വാതന്ത്ര്യം പലർക്കും ഒരു യാഥാർത്ഥ്യമല്ലെന്ന് കനക് ഹോത്ത പറഞ്ഞു. നേർരേഖയിലുള്ള രചനാരീതിയിൽ നിന്ന് വ്യത്യസ്തമായ ചാക്രികമായ ഒരു ആഖ്യാനമാണ് പുസ്തകത്തിന്റേതെന്ന്, പുസ്തകത്തിന്റെ ഘടനയെക്കുറിച്ചുള്ള മോഡറേറ്ററുടെ ചോദ്യത്തിന് കനക് ഹോത്ത മറുപടി നൽകി.
