പരസ്യം നിർമിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിശ്ചിത സമയത്തിനുള്ളിൽ ഉദ്ദേശിച്ച ആശയം കൃത്യമായി പകർന്നു നൽകാൻ സാധിക്കുക എന്നതാണെന്ന് നടനും ആഡ് ഫിലിംമേക്കറുമായ പ്രകാശ് വർമ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ 'കഥ ഇനി എങ്ങനെയൊക്കെ പറയാം?' എന്ന സെഷനിൽ രേഖ മേനോനുമായി സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കാണികളുമായി ഇമോഷണലി കണക്ട് ചെയ്യുന്നതായിരിക്കണം പരസ്യം. അത് അവരുടെ മനസ്സിൽ എക്കാലവും തങ്ങി നിൽക്കുന്നതായിരിക്കണം. വ്യത്യസ്തമായ കാഴ്ചകൾ തൻ്റെ മനസ്സിൽ തങ്ങി നിൽക്കുമെന്നും അത് വിഷ്വലി കമ്യൂണിക്കേറ്റ് ചെയ്യുവാൻ തനിക്കേറെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്റ്റാർട്ടപ്പിൻ്റെ തുടക്ക കാലഘട്ടത്തിൽ പരസ്യചിത്രങ്ങൾക്കായി അധികം പണം ചെലവിടാതെ ഇന്ന് ലഭ്യമായ വിവിധങ്ങളായ സാമൂഹിക മാധ്യമങ്ങളെ സത്യസന്ധമായും ക്രിയാത്മകമായും ഉപയോഗിക്കുവാൻ അദ്ദേഹം പുതിയ സംരംഭകരോട് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ പുതുതായി ഒരു സിനിമ പ്രോജക്ട് താൻ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും കാണികൾക്ക് അദ്ദേഹം സൂചന നൽകി.
