സത്യം വിളിച്ചുപറയാനും അനീതികളെ ചോദ്യം ചെയ്യാനുമുള്ള ധീരത ചില എഴുത്തുകാരിൽ കുറഞ്ഞുവരുന്നു; പോൾ മണലിൽ

KLF

സത്യം വിളിച്ചുപറയാനും അനീതികളെ ചോദ്യം ചെയ്യാനുമുള്ള ധീരത ചില എഴുത്തുകാരിൽ കുറഞ്ഞുവരുന്നു; പോൾ മണലിൽ


അഴീക്കോടിൻ്റെ അഭാവത്തിൽ കേരളം ഇന്ന് വലിയൊരു സാംസ്കാരിക നിശ്ശബ്ദതയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് എഴുത്തുകാരൻ പോൾ മണലിൽ അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ 'അഴീക്കോടില്ലാത്ത കാലത്തെ വിമർശനം' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേന്ദ്രൻ എടത്തുംകര മോഡറേറ്ററായ സെഷനിൽ എം എൻ കാരശ്ശേരി, പോൾ മണലിൽ, മ്യൂസ് മേരി ജോർജ് എന്നിവർ സംസാരിച്ചു.

കേവലം ഒരു സാഹിത്യ നിരൂപകൻ എന്നതിലുപരി സുകുമാർ അഴീക്കോട് മികച്ചൊരു രാഷ്ട്രീയ നിരൂപകനും ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകനുമായിരുന്നുവെന്ന് എം എൻ കാരശ്ശേരി പറഞ്ഞു. സമൂഹത്തിലെ അനീതികൾക്കെതിരെ തന്റെ പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും അദ്ദേഹം നിരന്തരം ശബ്ദമുയർത്തിയിരുന്നു. ആശാന്റെ പദാവലികളും ഗാന്ധിയൻ ലോകവീക്ഷണവുമാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ കാതൽ. ബാബറി മസ്ജിദ് തകർക്കപ്പെട്ട കാലത്ത് അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പരകൾ മലയാള പത്രപ്രവർത്തന ചരിത്രത്തിൽ തന്നെ ഇടംപിടിച്ച ഒന്നാണെന്നും കാരശ്ശേരി ഓർമ്മിപ്പിച്ചു.

അഴീക്കോടിന്റെ അഭാവത്തിൽ കേരളം ഇന്ന് വലിയൊരു സാംസ്കാരിക നിശബ്ദതയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് പോൾ മണലിൽ നിരീക്ഷിച്ചു. ഭയമില്ലാതെ സത്യം വിളിച്ചുപറയാനും അനീതികളെ ചോദ്യം ചെയ്യാനുമുള്ള ധീരത പല എഴുത്തുകാരിലും കുറഞ്ഞുവരികയാണ്. വർഗീയതയും കപട മതേതരത്വവും പിടിമുറുക്കുന്ന ഇക്കാലത്ത് അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ അവയ്ക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമായിരുന്നു. ജനാധിപത്യം നേരിടുന്ന അപചയവും പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധിയെപ്പോലെയുള്ള മഹത്തുക്കളെ മാറ്റുന്നതും അദ്ദേഹം ശക്തമായി പ്രതിരോധിക്കുമായിരുന്നു. അഴീക്കോടിന്റെ ചിന്തകൾ സമൂഹത്തിൽ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ നൂറോളം പ്രസംഗങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചതായും അദ്ദേഹം പറഞ്ഞു. അഴീക്കോടിൻ്റെ ആത്മകഥ ഉൾപ്പെടെയുള്ള കൃതികൾ സുകുമാർ അഴീക്കോട് ട്രസ്റ്റ് പുനഃപ്രസിദ്ധീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Related Articles