വോട്ടർ പട്ടിക പരിഷ്കരണങ്ങൾക്ക് (SIR) പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരനും ലോക്സഭ എം പിയുമായ ശശി തരൂർ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ സൻജോയ് കെ റോയിയുമായുള്ള സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഐ ആറിന് പിന്തുണ പ്രഖ്യാപിക്കുമ്പോൾ തന്നെ ഇത് യഥാർത്ഥ വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കരുതെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
അതേസമയം, പൌരത്വ ഭേദഗതി നിയമത്തിനും ദേശീയ പൌരത്വ രജിസ്റ്ററിനും എതിരായ തൻ്റെ നിലപാട് ആവർത്തിച്ചു. പൌരത്വത്തിൽ മതം ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ നിഷേധിക്കുന്നതിനെ ലംഘിക്കുകയാണെന്നും അദ്ദേഹം വാദിച്ചു. ഭരണഘടന എന്നത് മാറ്റമില്ലാത്ത ഒരു രേഖയല്ലെന്നും മറിച്ച് മാറുന്ന കാലത്തിന് അനുസരിച്ച് വളരുന്ന ഒരു ജീവസ്സുറ്റ രേഖയാണെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
ഡോ ബി ആർ അംബേദ്കർ വിഭാവനം ചെയ്തതു പോലെ, ഓരോ തലമുറയുടെയും ആവശ്യങ്ങൾക്ക് അനുസരിച്ച് ഭരണഘടനയെ പാകപ്പെടുത്താൻ ഭേദഗതികളിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അക്ഷരങ്ങൾക്കപ്പുറം അതിന്റെ അന്തസ്സത്തയെയും 'ഭരണഘടനാപരമായ മൂല്യത്തെയും' (Constitutional Morality) നാം മുറുകെ പിടിക്കണം. അയൽരാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയും ഒന്നിലധികം തവണ ഭരണഘടനകൾ മാറ്റി എഴുതിയപ്പോൾ, ഇന്ത്യ ഇന്നും ഒരേ ഭരണഘടനയുമായി മുന്നോട്ട് പോകുന്നത് അതിന്റ വിജയമാണ്. സാക്ഷരതാ നിലവാരം ഏറ്റവും കുറവായിരുന്ന സമയത്ത് സാർവത്രിക വോട്ടവകാശം അനുവദിച്ചത് ഭരണഘടന അസംബ്ലിയുടെ പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
