കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ വർക്ക്ഷോപ്പുകളും ഇന്ററാക്റ്റീവ് സെക്ഷനുകളുമായി വേദികൾ സജീവമാവുകയാണ്. കലയും പ്രകൃതിയും കൂട്ടിച്ചേർത്ത പ്രത്യേകമായൊരു വർക്ക്ഷോപ്പാണ് ഇന്ന് കഥ വേദിയിൽ നടന്നത്. ക്രിയേറ്റ് യുവർഓൺ ഫാന്റസി ക്രീച്ചർ (Create Your Own Fantasy Creature) എന്ന പേരിൽ സംഘടിപ്പിച്ച ഈ ഡ്രോയിംഗ് വർക്ക്ഷോപ്പ് കലാകാരിയായ ആയിഷ ഗാമിയറ്റും പക്ഷിശാസ്ത്രജ്ഞയായ നോറ സ്റ്റാപ്പെയും ചേർന്നാണ് നയിച്ചത്.
വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു പേപ്പർ മൂന്ന് ഭാഗങ്ങളായി മടക്കി, വിവിധ പക്ഷികളുടെ തല, ശരീരം, കാലുകൾ എന്നിവ ചേർത്ത് പുതിയ സങ്കൽപ്പ ജീവികളെ സൃഷ്ടിക്കാനുള്ള അവസരം ലഭിച്ചു. മേശയിൽ ഒരുക്കിയിരുന്ന വിവിധ പക്ഷികളുടെ ചിത്രങ്ങൾ മാതൃകയായി ഉപയോഗിച്ചാണ് കുട്ടികളും മുതിർന്നവരും തങ്ങളുടെ സ്വന്തം ‘ഫാൻസി ക്രീച്ചറുകൾ’ വരച്ചത്.
ആദ്യ ഘട്ടത്തിൽ ഒരു പക്ഷിയുടെ തല, തുടർന്ന് മറ്റൊരു പക്ഷിയുടെ ശരീരം, അവസാനമായി മറ്റൊരു പക്ഷിയുടെ കാലുകൾ എന്നിങ്ങനെ വരച്ചപ്പോൾ, പൂർണമായും വ്യത്യസ്തമായ ജീവികൾ രൂപപ്പെട്ടു. പിന്നീട് വർണ്ണ പെൻസിലുകൾ ഉപയോഗിച്ച് അവയ്ക്ക് നിറങ്ങളും നൽകി.
