ദേശീയവിദ്യാഭ്യാസനയം: അക്കാദമിക സ്വാതന്ത്ര്യത്തിന്റെ അതിരുകളെവിടെ?

KLF

ദേശീയവിദ്യാഭ്യാസനയം: അക്കാദമിക സ്വാതന്ത്ര്യത്തിന്റെ അതിരുകളെവിടെ?


ദേശീയ വിദ്യാഭ്യാസ നയത്തിൽ അക്കാദമിക സ്വതന്ത്രത്തിന്റെ അതിർവരമ്പുകളെവിടെ എന്ന വിഷയത്തില്‍ കെഎല്‍എഫ് 2026ല്‍ നടന്ന ചര്‍ച്ച ശ്രദ്ധേയമായി. കെ.ടി കുഞ്ഞിക്കണ്ണൻ, ഡോ കെ. എൻ അജോയ്കുമാർ, ആർ.കെ ജയപ്രകാശ്, നടേശൻ എം.ടി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

പുതിയ പാഠ്യപദ്ധതി ഒരുപാട് അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട് എന്നും അത് നിലനിൽക്കുന്ന പാഠ്യപദ്ധതിയെ വിമർശിക്കുന്നു എന്നും കെ. എൻ. അജോയ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇത്തരം വിമർശനങ്ങളെ പരിഹരിക്കാൻ ഈ പദ്ധതി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഗ്ലോബൽ അജണ്ട ഇന്ത്യനൈസ് ചെയ്യുക എന്നതാണ്. ഇന്ത്യയിൽ നൽകുന്നത് മോശം വിദ്യാഭ്യാസമെന്നും വിദേശത്ത് നൽകുന്നത് നല്ലതാണെന്നുമുള്ള ചിന്തയിൽ നിന്നാണ് ഇത് കടന്നു വരുന്നത്. ഇന്നത്തെ പുസ്തകങ്ങളിൽ ലേർണിംഗ് ഔട്ട്കംസ് ഉണ്ട് അത് കുട്ടികളെ നമുക്ക് വിലയിരുത്താൻ വേണ്ടിയാണ്. കാരണം ഇന്ന് വ്യവസായ ശാലകൾക്കനുസൃതമായി അവർക്കുവേണ്ട ഉപോൽപ്പന്നങ്ങളായി വിദ്യാഭ്യാസത്തെ മാറ്റുന്നുണ്ട്. കഴിവിന്‍റെ അഭാവമല്ല ക്യാപ്റ്റലിസത്തിന്റെ അജണ്ടയാണ് തൊഴിലില്ലായ്മക്ക് കാരണം. കാരണം ഒഴിവുകൾ ഉണ്ടായിരിക്കെ അവിടെ നിയമനങ്ങൾ നടത്താതെ തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണെന്നും അജോയ് കുമാര്‍ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങളെ പരിചയപെടുത്താനാണ് എം. പി നടേശൻ ശ്രമിച്ചത്. മനുഷ്യനെ ഒരു വിഭവമാക്കുക എന്ന കോർപ്പറേറ്റുകളുടെ ലക്ഷ്യത്തിനെതിരാവുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ രീതി എന്ന് അദ്ദേഹം പറയുന്നു. ഇന്ന് പല ഭാഷകളും ഇല്ലാതാകുന്നതിന്റെ കാരണം ദുർബലന്റെ ഭാഷ പഠിക്കാൻ കൊള്ളില്ല എന്ന മുൻധാരണയാണ്. ആദി ഭാഷകൾ മുതൽ എല്ലാ ഭാഷകളും പഠിക്കാൻ വേണ്ടി ദേശീയഭാഷ സമിതി രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പതിനാറു ഭാഷകളിൽ മത്സരപരീക്ഷകൾ എഴുതാനിന്ന് സാധിക്കുന്നു. പൊതുവിദ്യാഭ്യാസനയത്തിന്റെ ഭാഗമായി അംഗനവാടിമേഖലകളിലും മാറ്റം വരും. വിവിധ സംസ്ഥാനങ്ങൾ അനുകൂലിക്കാതെ നിൽക്കുന്ന നിലവിലുള്ള സാഹചര്യത്തിൽ വിയോജിപ്പുകളെ ചർച്ചചെയ്ത് പരിഹരിച്ചു മുന്നോട്ട് പോകാനും അദ്ദേഹം ആഹ്വാനം ചെയ്തു.


Related Articles