ഒരു കാലത്ത് 'പൈങ്കിളി' എന്ന് മുദ്രകുത്തി മാറ്റിനിർത്തിയിരുന്ന ലിറ്റററി ഫിക്ഷനും കൊമേർഷ്യൽ ഫിക്ഷനും തമ്മിലുള്ള അന്തരം കുറയുകയാണെന്ന് പ്രശസ്ത എഴുത്തുകാരായ എം. മുകുന്ദനും പോൾ സക്കറിയയും പറഞ്ഞു. വായനയെ ജനകീയമാക്കുന്നതിൽ മുട്ടത്തുവർക്കി ഉൾപ്പെടെയുള്ള എഴുത്തുകാർ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്നും കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ഇരുവരും പറഞ്ഞു. 'ജനപ്രിയതയും സാഹിത്യമൂല്യവും: മുട്ടത്തുവർക്കിയെ ഇപ്പോൾ ഓർക്കുമ്പോൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു എം. മുകുന്ദനും പോൾ സക്കറിയയും. എഴുത്തുകാരൻ വി ജെ ജെയിംസും ചർച്ചയിൽ പങ്കെടുത്തു.
സാഹിത്യം മുദ്രാവാക്യമോ പ്രൊപ്പഗണ്ടയോ ആകരുത്. എന്നാൽ 2021-ലെ ഇന്ത്യയിൽ ജീവിക്കുമ്പോൾ രാജ്യത്തിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നത് തിരിച്ചറിയാതെ എഴുതുന്നത് പൗരനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും അന്ധതയാണെന്ന് സക്കറിയ അഭിപ്രായപ്പെട്ടു. "രാജ്യത്ത് നിശബ്ദമായി സംഭവിക്കുന്ന ഭീകരമായ മാറ്റങ്ങളെ തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം എഴുത്തുകാരന് വേണം," അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് ഇഷ്ടമല്ലാത്ത സാഹിത്യത്തിന് എന്ത് പ്രസക്തിയാണുള്ളതെന്ന് പോൾ സക്കറിയ ചോദിച്ചു. ലിറ്റററി ഫിക്ഷൻ, കൊമേർഷ്യൽ ഫിക്ഷൻ എന്നിങ്ങനെയുള്ള വേർതിരിവുകൾ അക്കാദമിക് പണ്ഡിതന്മാരും നിരൂപകരും ഉണ്ടാക്കിയതാണ്. താനും മുകുന്ദനും ഒക്കെ പ്രത്യേക സാഹിത്യ അഭിരുചിയുള്ളവർക്ക് വേണ്ടി എഴുതിയപ്പോൾ, മുട്ടത്തുവർക്കിയും ഇ. ജെ. കാനവും സാധാരണക്കാരായ കർഷകർക്കും ഗ്രാമീണർക്കും വേണ്ടിയാണ് എഴുതിയത്. ചങ്ങമ്പുഴ കവിതയിൽ ചെയ്തതുപോലെ വായനയെ ജനാധിപത്യവൽക്കരിക്കുകയാണ് ഇവർ ചെയ്തതെന്നും സക്കറിയ അഭിപ്രായപ്പെട്ടു.
