സന്തോഷ് ഏച്ചിക്കാനത്തിന്റെ പ്രശസ്തമായ ‘മിസാരു’ എന്ന കഥയെ ആസ്പദമാക്കി മനു ജോസ് ചിൽഡ്രൻസ് കെ.എൽ.എഫിൽ അവതരിപ്പിച്ച ‘ഡ്രാമ മോഡൽ’ സ്റ്റോറി ടെല്ലിംഗ് സദസ്സിന് നവ്യാനുഭവമായി.
സത്യസന്ധതയും സ്വയംരക്ഷയും തമ്മിലുള്ള പോരാട്ടത്തിൽ പെട്ടുപോകുന്ന അഭിജിത്ത് എന്ന കുട്ടിയുടെ ധാർമ്മിക സംഘർഷമായിരുന്നു കഥയുടെ ഇതിവൃത്തം. കള്ളം പറയാൻ പലരും നിർബന്ധിച്ചിട്ടും, കോടതിയിൽ സത്യം തുറന്നുപറയാൻ കാണിച്ച ആ കുട്ടിയുടെ ധൈര്യവും കോടതിയിലെ സംഘർഷഭരിതമായ അന്തരീക്ഷവും മനു ജോസ് ആൻഡ് ടീം (Ala team) ആവിഷ്കാരത്തിലൂടെ മനോഹരമായി അവതരിപ്പിച്ചു. തിന്മയ്ക്ക് നേരെ കണ്ണടയ്ക്കുന്ന ‘മിസാരു’ എന്ന കുരങ്ങിൽ നിന്ന് വ്യത്യസ്തമായി, അനീതിക്കെതിരെ കണ്ണുതുറക്കാനും സത്യത്തിനൊപ്പം നിൽക്കാനും ഈ കഥ കുട്ടികളെ ആഹ്വാനം ചെയ്തു.
കേവലമൊരു കഥ പറച്ചിലിനപ്പുറം, സദസ്സിനെ അമ്പരിപ്പിച്ച ചില നാടകീയ മുഹൂർത്തങ്ങളും ഈ സെഷന്റെ പ്രത്യേകതയായിരുന്നു. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തെ പ്രതീകാത്മകമായി അവതരിപ്പിക്കാനായി സ്പൈഡർമാനും വില്ലനായ വെനവും വേദിയിലേക്ക് കടന്നുവന്നത് കുട്ടികളിൽ വലിയ ആവേശം സൃഷ്ടിച്ചു.
