നടിയും എഴുത്തുകാരിയുമായ ലെനയുടെ ജൂണിൽ പുറത്തിറങ്ങുന്ന പുസ്തകമായ 'Womenopause' -നെ കുറിച്ച് കെഎല്‍എഫില്‍ ചര്‍ച്ച ചെയ്തു. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ നിഷ രത്‌നമ്മയുമായി നടത്തിയ സംഭാഷണത്തില്‍ ‘ദൈവത്തിന്റെ ആത്മകഥ’ എന്ന ആദ്യ പുസ്തകത്തിന്റെ വിജയത്തിന് ശേഷം, സ്ത്രീകളുടെ ആരോഗ്യത്തെയും ഹോർമോൺ മാറ്റങ്ങളെയും കുറിച്ച് ബോധവൽക്കരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം എഴുതിയതെന്നു ലെന വ്യക്തമാക്കി. മെനോപോസ് എന്ന ആശയത്തെ കൂടുതൽ വ്യാപകമായി കാണാൻ ‘WO’ എന്ന പ്രിഫിക്സ് ചേർത്ത് ‘വുമണോപോസ്’ (Wo-menopause) എന്ന പേര് നൽകുന്നു. സ്ത്രീകളുടെ ശരീരത്തിലെ മാറ്റങ്ങൾ അവരുടെ വ്യക്തിജീവിതത്തെയും കുടുംബത്തെയും സമൂഹത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം.
35 മുതൽ 55 വയസ്സ് വരെയുള്ള കാലഘട്ടത്തിൽ സ്ത്രീകളിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങളെയാണ് പെരിമെനോപോസ് (Perimenopause) എന്ന് വിളിക്കുന്നത്. പല സ്ത്രീകളും ഇതിനെക്കുറിച്ച് അറിയാതെ കടന്നുപോകുന്ന ഈ ഘട്ടത്തെ, കൗമാരപ്രായത്തിന് (Adolescence) സമാനമായി, ലെന (Womenessence) എന്ന് വിളിക്കുന്നു. ഒരു വീട്ടിലെ സ്ത്രീ ഈ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കുടുംബത്തിലെ എല്ലാവരെയും ബാധിക്കുന്നു. ഇതിനെ തിരിച്ചറിയാത്തത് കുടുംബകലഹങ്ങൾക്കും 40 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ വർധിച്ചു വരുന്ന വിവാഹമോചന പ്രവണതകൾക്കും -മെനോഡിവോഴ്സ് -(Menodivorce), കാരണമാകുന്നു എന്ന് ലെന ചൂണ്ടിക്കാണിക്കുന്നു
സമൂഹം പ്രായമാകുന്ന പുരുഷന്മാരെ പ്രശംസിക്കുമ്പോൾ സ്ത്രീകളെ പരിഹസിക്കുന്ന ഇരട്ടത്താപ്പിനെ ലെന വിമർശിക്കുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഹോർമോൺ വ്യത്യാസങ്ങൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന് അവർ പറയുന്നു. പരിസ്ഥിതി മലിനീകരണവും ആധുനിക ഭക്ഷണരീതികളും സ്ത്രീകളുടെ ഹോർമോൺ ബാലൻസിനെ ദോഷകരമായി ബാധിക്കുന്നു എന്നും ലെന വ്യക്തമാക്കുന്നു. ജീവിതശൈലീ ക്രമീകരണത്തിനു പഴയകാല ഭക്ഷണരീതികളിലേക്കുള്ള മടങ്ങിവരവും പരസ്പര സഹകരണവും ആവശ്യമാണ്.
