ആളുകളെ അസ്വസ്ഥമാക്കുന്ന പദപ്രയോഗമാണ് മിത്തോളജിയെന്ന് എഴുത്തുകാരനും കൾച്ചർ കൺസൾട്ടൻ്റുമായ ദേവദത്ത് പട്നായ്ക്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ, നരേഷ് ഫെർണാണ്ടസ് മോഡറേറ്റർ ആയ സെഷനിൽ, സംസാരിക്കുകയായിരുന്നു അദ്ദേഹം. മിത്തോളജി ആളുകളെ അസ്വസ്ഥമാക്കുന്ന പ്രയോഗമാണെന്നും കാരണം, നമ്മൾ സത്യത്തിലാണ് ജീവിക്കുന്നതെന്നാണ് ആളുകൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേവദത്ത് പട്നായ്കിൻ്റെ 'Eden: An Indian Retelling of Jewish, Christian and Islamic Lore' ൻ്റെ രചനയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ എങ്ങനെയാണ് ഒരേ കഥയ്ക്ക് വ്യത്യസ്ത സ്ഥലങ്ങളിലും മതങ്ങളിലും വ്യത്യസ്ത വ്യാഖ്യാനം ഉണ്ടാകുന്നതെന്ന് ചർച്ച ചെയ്യപ്പെട്ടു. ഭൂമിശാസ്ത്രം വിശ്വാസ വ്യവസ്ഥകളെ എങ്ങനെ രൂപപ്പെടുത്തുന്നെന്നും ചർച്ചയിൽ ഉയർന്നു വന്നു.
മതവിശ്വാസങ്ങളെ മിത്തോളജി എന്ന് അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പ്രപഞ്ചത്തിന് സ്ഥായിയായി കഥകളില്ലെന്നും മനുഷ്യർ രൂപീകരിച്ചെടുത്ത കഥകളെ മിത്തോളജി എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ശരിതെറ്റുകൾ മനുഷ്യനിർമ്മിതമാണെന്ന് പറഞ്ഞ അദ്ദേഹം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിത്തോളജിയായി നേഷൻ-സ്റ്റേറ്റ്സിനെ കണക്കാക്കാം എന്നും പറഞ്ഞു. ദേവദത്ത് പട്നായികിൻ്റെ കാഴ്ചപ്പാടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും കാഴ്ചക്കാരിൽ നിന്ന് അഭിപ്രായങ്ങൾ ഉയർന്നു വന്നു.
