ജെൻസീ തലമുറയിൽ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് ചരിത്രകാരൻ മനു എസ് പിള്ള. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ 'The Past is Present: Writing History in India Today' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനെറ്റിനൊപ്പം വളർന്ന ഈ തലമുറയ്ക്ക് ഓൺലൈനിൽ കാണുന്ന എല്ലാ വിവരങ്ങളും സത്യങ്ങളല്ലെന്ന് മനസ്സിലാക്കാനുള്ള ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനു എസ് പിള്ള മുഖ്യാതിഥിയായും അഞ്ജന ശങ്കർ മോഡറേറ്ററായും പങ്കെടുത്ത ഈ ചർച്ച ചരിത്രരചനയും ചരിത്രബോധത്തിന്റെ മാറുന്ന സ്വഭാവവും കേന്ദ്രീകരിച്ചായിരുന്നു.
പരമ്പരാഗതമായി ചരിത്രം പഠിച്ചിരുന്നത് അർക്കൈവ്സുകളിൽ നിന്നായിരുന്നു. എന്നാൽ, ഇന്ന് ചരിത്രപരമായ അറിവുകൾ 'വൈറൽ ക്ലിപ്പുകളിലൂടെ' പ്രചരിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. യഥാർത്ഥ ചരിത്രരേഖകൾ അർക്കൈവ്സുകളിൽ നിലനിൽക്കുമ്പോൾ തന്നെ, അൽഗോരിതങ്ങളാണ് പൊതുജനങ്ങളിലേക്ക് എന്ത് എത്തണമെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാമൊഴിചരിത്രത്തിന് ചരിത്രരചനയിൽ വലിയ സ്ഥാനമുണ്ടെങ്കിലും അത് ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഔദ്യോഗിക രേഖകളിൽ പതിയാത്ത വ്യക്തിപരമായ അനുഭവങ്ങൾ, ഭക്ഷണശീലങ്ങൾ, വിവാഹബന്ധങ്ങൾ, കുടുംബപരമായ സാമൂഹിക ബന്ധങ്ങൾ തുടങ്ങിയവ തിരിച്ചറിയാൻ വാമൊഴി സാക്ഷ്യങ്ങൾ സഹായകരമാണ്. വാമൊഴി ചരിത്രമില്ലാതെ നല്ല ചരിത്രരചന സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
