പറന്നു ചെല്ലാൻ പറ്റാത്ത കാട്ടിൽ കൂടുകൂട്ടാം: കേരള ചിൽഡ്രൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് മനു ജോസും സംഘവും

KLF

പറന്നു ചെല്ലാൻ പറ്റാത്ത കാട്ടിൽ കൂടുകൂട്ടാം: കേരള ചിൽഡ്രൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് മനു ജോസും സംഘവും


"പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ" എന്ന രസകരമായ ഗാനത്തോടെ എഴുത്തോല വേദിയിൽ ചിൽഡ്രൻസ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി. എറണാകുളം മുളംതുരുത്തിയിലുള്ള ആലാ സെൻറർ ഫോർ കൾച്ചർ & ആൾട്ടർനേറ്റീവ് എഡ്യൂക്കേഷൻ ടീം ആണ് ഗാനം അവതരിപ്പിച്ചത്. പ്രശസ്ത കവി അൻവർ അലിയുടെ 'ഗാന്ധിത്തൊടൽമാല' എന്ന കവിതയെ ആസ്പദമാക്കിയായിരുന്നു മനു ജോസിന്‍റെയും സംഘത്തിന്‍റെയും കഥാകഥനം.

പാവകളി-ചിത്രകഥ- അഭിനയം എന്നിവ ഉൾപ്പെടുത്തി ബൂൺറാക്കു(Bunraku) എന്ന മരപ്പാവ ഉപയോഗിച്ച് കഥ പറയുന്ന രീതിയാണ് ഇവർ അവതരിപ്പിച്ചത്. "തൊട്ടു ഞാനുമ്മാ... ഗാന്ധിയെ തൊട്ടു ഞാനുമ്മാ..." എന്ന വരികളുമായി കാണികളിലേക്ക് പാവക്കളിയിൽ പാവയായി എത്തിയത് വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥാപാത്രമാണ്. വൈക്കം സത്യാഗ്രഹവേളയിൽ ഗാന്ധിജിയെ സ്പർശിച്ച വൈക്കം മുഹമ്മദ് ബഷീറിൻറെ അനുഭവത്തിൽ ആരംഭിച്ച് "ഗോഡ്സെ തൊട്ടുമ്മാ... ഗാന്ധിയെ ഗോഡ്സെ തൊട്ടുമ്മാ.. കാഞ്ചി വിരൽ കൊണ്ട് ഗാന്ധിയെ ഗോഡ്‌സെ തൊട്ടുമ്മാ... എന്ന വരികളിലേക്ക് എത്തിച്ചേർന്ന് ഗാന്ധിയെ ഗോഡ്സെ കൊലപ്പെടുത്തിയ രംഗം വരെ പാവ കളിയിൽ അവതരിപ്പിച്ചു.

അൻവർ അലിയുടെ 'ഗാന്ധിത്തൊടൽമാല' എന്ന കവിത അവതരണത്തിനായി തിരഞ്ഞെടുക്കാൻ ഉണ്ടായ സാഹചര്യവും മനു ജോസ് വിവരിച്ചു. "ഗാന്ധി ഓട്ടോ തട്ടി മരിച്ചതല്ല! ഗാന്ധി കൊലചെയ്യപ്പെട്ടതാണ്! കൊന്ന ശക്തികൾ ഇന്ന് ഇന്ത്യയിലേക്ക് എന്താണ് കൊണ്ടുവരുന്നതെന്ന് പുതുതലമുറ മനസ്സിലാക്കണം" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാടകവേളയിൽ ഗോഡ്സെയായി അഭിനയിച്ച വ്യക്തി ചരിത്ര പുസ്തകത്തിൽ നിന്നാണ് തോക്ക് പുറത്തെടുക്കുന്നത്. ഇതിലൂടെ പൊട്ടുന്ന തോക്കാണ് നിങ്ങളുടെ ഹിസ്റ്ററി പുസ്തകത്തിലൂടെ കൈമാറ്റപ്പെടുന്നത് എന്ന് സമൂഹത്തെ ഓർമിപ്പിച്ചുകൊണ്ട് മനു ജോസ് അവതരണം അവസാനിപ്പിച്ചു.


Related Articles