പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അഭിജിത് ബാനർജിയും ഇലസ്ട്രേറ്റർ ഷെയ്ൻ ഡി മാറ്റോസും തങ്ങളുടെ പുതിയ പുസ്തകത്തെ ആസ്പദമാക്കി നടത്തിയ സംവാദം ഭക്ഷണവും ജീവിതവും തമ്മിലുള്ള അഗാധമായ ബന്ധത്തെ വെളിപ്പെടുത്തുന്നതായിരുന്നു. മറിയം ജോസഫാണ് ചർച്ച നിയന്ത്രിച്ചത്.
സാമ്പത്തികശാസ്ത്രം പോലെ ഗഹനമായ ഒരു വിഷയം സാധാരണക്കാരിലേക്ക് എത്തിക്കാൻ ഭക്ഷണത്തെ ഒരു മാധ്യമമായി ഉപയോഗിച്ചു എന്ന് അഭിജിത് ബാനർജി പറഞ്ഞു. എല്ലാവർക്കും താൽപ്പര്യമുള്ള ഒന്നാണ് ഭക്ഷണം. അതിനാൽ തന്നെ ഭക്ഷണത്തിലൂടെ സാമ്പത്തികശാസ്ത്രം പറയുന്നത് വായനക്കാർക്ക് കൂടുതൽ ആസ്വാദ്യകരമാകുന്നു. ഇന്ത്യൻ പാചകത്തെയും സംസ്കാരത്തെയും ആസ്പദമാക്കി തയ്യാറാക്കിയ ഈ പംക്തികളിൽ സാമ്പത്തിക തത്വങ്ങൾക്കൊപ്പം തന്നെ വൈകാരികമായ ജീവിതകഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വീടുകളിലെ അടുക്കളകളിൽ പുരുഷന്മാരുടെ സാന്നിധ്യം വർദ്ധിക്കേണ്ടതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പുരുഷന്മാർ പാചകം ചെയ്യുന്നത് മോശമായ കാര്യമാണെന്ന ചിന്താഗതി മാറണം. തനിക്ക് പാചകം എന്നത് ജോലിക്കിടയിലെ ഒരു വിശ്രമവേള പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെയ്ൻ ഡി മാറ്റോസ് തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, ഒരു ട്രക്ക് ഡ്രൈവറായിരുന്ന തന്റെ പിതാവ് തനിയെ പാചകം ചെയ്താണ് തങ്ങളെ വളർത്തിയതെന്ന് അനുസ്മരിച്ചു.
