കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ 'അക്ഷരം' വേദിയിൽ നടന്ന 'ഉടൽ, രതി, ആവിഷ്കാരം: ഇറോട്ടിസിസം നോവലുകളിൽ' എന്ന ചർച്ചയിൽ എം. മുകുന്ദൻ, സുഭാഷ് ചന്ദ്രൻ, ടി.ഡി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സജയ് കെ.വി. ആയിരുന്നു മോഡറേറ്റർ.
രതിയെ സൗന്ദര്യമാക്കി പരിവർത്തിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച എം. മുകുന്ദൻ, തന്റെ 'എയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം' എന്ന നോവലിനെ ഒരു 'നോൺ-വെജ് പ്രണയകഥ' എന്നാണ് വിശേഷിപ്പിച്ചത്. പ്രണയം യഥാർത്ഥത്തിൽ ശരീരത്തോടാണെന്ന വസ്തുത അംഗീകരിക്കാൻ നമ്മുടെ കപട സദാചാരബോധം അനുവദിക്കുന്നില്ലെന്നും, പൊതുവിടങ്ങളിൽ മൂത്രമൊഴിക്കാൻ കാണിക്കുന്ന സ്വാതന്ത്ര്യം പോലും സ്നേഹം പ്രകടിപ്പിക്കാൻ മലയാളിക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാമമെന്ന അടിസ്ഥാന ജന്തുവികാരത്തെ ഉദാത്തവൽക്കരിക്കാൻ മനുഷ്യൻ കണ്ടെത്തിയ വസ്ത്രമാണ് പ്രണയമെന്ന് സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. 'സമുദ്രശില' പോലുള്ള കൃതികളിൽ പ്രകൃതിയുടെ സംഹാരാത്മകമായ രതിഭാവങ്ങളെയാണ് താൻ ആവിഷ്കരിച്ചതെന്നും, എഴുത്തിലൂടെ ശരീരത്തെ അനശ്വരമാക്കാനാണ് കലാകാരൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
