ഇന്ത്യയിലെ പ്രഗത്ഭരായ ചിത്രകാരന്മാരിൽ ഒരാളും കവിയും കലാവിമർശകനുമായ ഗുലാം മുഹമ്മദ് ഷെയ്ഖ് ബറോഡ എം. എസ് സർവകലാശാലയിൽ പ്രൊഫസറായിരുന്നു. ദേശീയ-അന്തർദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ഒട്ടനവധി പ്രദർശനങ്ങൾ നടത്തുകയും ചെയ്യുന്ന ഗുലാം മുഹമ്മദ് ഗുജറാത്ത് സ്വദേശിയാണ്. പത്മശ്രീ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ജവഹർലാൽനെഹ്റു സർവകലാശാലയിലെ ആർട് ആൻഡ് എസ്തെറ്റിക്സ് വിഭാഗം പ്രൊഫസറും ഡീനുമാണ് കവിതാസിങ്.
കവിത സിങ്: ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഞാൻ താങ്കളെ ആദ്യമായി കാണുന്നത്. അവിടുത്തെ ചിത്രകലാവിഭാഗത്തിൽ സമാദരണീയരായ അധ്യാപകരിൽ ഒരാളായിരുന്നു താങ്കൾ. ചിത്ര-ശില്പകലയുടെ ചരിത്രത്തെക്കുറിച്ച് താങ്കളവിടെ നടത്തിയിട്ടുള്ള ഉജ്ജ്വല പ്രഭാഷണങ്ങൾ അവിസ്മരണീയമാണ്. ഇപ്പോഴും എനിക്കത് ഓർത്തെടുക്കാൻ കഴിയുന്നുണ്ട്. വലിയ കലാപാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യയെങ്കിലും മൂന്നേമൂന്ന് സ്ഥാപനങ്ങളിൽ മാത്രമേ അന്നിവിടെ കലാചരിത്രം ഒരു അക്കാദമിക വിഷയം എന്ന നിലയിൽ പഠിപ്പിച്ചിരുന്നുള്ളൂ. ജെ.എൻ.യുവിനെയും ബറോഡയെയുംപോലെയുള്ള യൂണിവേഴ്സിറ്റികൾ ആക്രമിക്കപ്പെടുന്ന പുതുകാലത്ത് അവയുടെമേൽ അടിച്ചേല് പിക്കപ്പെടുന്നത് ഏറെ ഹീനമായ ആശയങ്ങളാണ്. അത്തരം വിഷയങ്ങളെക്കുറിച്ച് സംവാദത്തിലേർപ്പെടുന്നതിനുമുമ്പ് താങ്കൾ ദീർഘകാലം പ്രവർത്തിച്ച ബറോഡ സർവകലാശാലയെക്കുറിച്ചും അവിടുത്തെ വിഖ്യാതമായ ചിത്രകലാവിഭാഗത്തെക്കുറിച്ചും ആമുഖമായി ചില കാര്യങ്ങളറിയേണ്ടതുണ്ട്. ഇന്ത്യയ്ക്ക് ഇത്തരമൊരു സ്ഥാപനം ആവശ്യമായി വന്നത് ഏതു സാഹചര്യത്തിലാണെന്ന് വിശദമാക്കാമോ?
