മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് കെഎല്‍ഫ് 2026. "മനുഷ്യ വന്യജീവി സംഘർഷത്തിനപ്പുറം" എന്ന വിഷയത്തിലുള്ള സംവാദത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരായ ഡോക്ടർ അരുൺ സക്കറിയ, വൈ. മുഹമ്മദ് അൻവർ, കർഷക പ്രതിനിധി സണ്ണി പൈക്കട എന്നിവർ പങ്കെടുത്തു. ചർച്ചയ്ക്ക് ബാബു രാമചന്ദ്രൻ മോഡറേറ്ററായി.
വന്യജീവി ആക്രമണങ്ങൾ മൂലമുള്ള മരണങ്ങൾ കുറയ്ക്കാനും കർഷകരുടെ ദുരിതങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്താനും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് മുഹമ്മദ് അൻവർ വിശദീകരിച്ചു. പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിനുള്ള 'മിഷൻ സർപ്പ', വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ സ്ഥാപിക്കുന്ന 'മിഷൻ സോളാർ ഫെൻസിങ്' തുടങ്ങിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
വന്യജീവി ആക്രമണങ്ങൾ മൂലം കർഷകർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും നിലവിലെ നഷ്ടപരിഹാര തുകയുടെ അപര്യാപ്തതയും സണ്ണി പൈക്കട ചർച്ചയിൽ ചൂണ്ടിക്കാട്ടി. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കാടിനെ കാടായി നിലനിർത്തുന്നതിൽ വനം വകുപ്പിന് കൃത്യമായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
