കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ 'അക്ഷരം' വേദിയിൽ കെ.ആർ. മീരയുടെ 'കലാച്ചി' എന്ന കൃതിയെ ആസ്പദമാക്കി ലോകധർമ്മി നാടകവേദി അവതരിപ്പിച്ച 'വാക്കരങ്' എന്ന നാടകം അരങ്ങേറി. കെഎൽഎഫ് മൂന്നാം ദിനമായ ഇന്ന് വൈകുന്നേരം 4:00 മുതൽ 4:30 വരെ നടന്ന ഈ നാടകാവിഷ്കാരം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
കുറ്റാരോപിതനായ ഇജാസ് എന്ന യുവാവിന്റെയും അവന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്ന അഭിഭാഷകന്റെയും വൈകാരികമായ സംഭാഷണങ്ങളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. മനുഷ്യന്റെ ബോധാവസ്ഥയെ ബാധിക്കുന്ന ശാരീരികമോ മാനസികമോ ആയ അസുഖങ്ങൾ ഒരാളുടെ പ്രവൃത്തികളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന ഗൗരവമേറിയ വിഷയമാണ് നാടകം ചർച്ച ചെയ്യുന്നത്.
ബലാത്സംഗം പോലുള്ള കടുത്ത കുറ്റാരോപണങ്ങൾ നേരിടേണ്ടി വരുമ്പോഴും തന്റെ കക്ഷി നിരപരാധിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന അഭിഭാഷകനും, ജീവിതത്തിലെ നിർണ്ണായക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇജാസും നാടകത്തിലെ സംഘർഷഭരിതമായ അന്തരീക്ഷം പ്രേക്ഷകരിലേക്കെത്തിച്ചു.
