കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസത്തില്‍ ഇന്ത്യയുടെ മുന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണയമായുള്ള സെഷന്‍ വളരെ ആവേശകരമായി. വേദി 2 തൂലികയില്‍ നടന്ന 'Still in the game' എന്ന സെഷനില്‍ സ്‌പോര്‍ട്‌സ് സ്‌ക്രൈബ്‌സ് ജേര്‍ണലിന്റെ സഹസ്ഥാപകനായ വിനീത് കൃഷ്ണനായിരുന്നു മോഡറേറ്റര്‍.
തന്റെ ടെന്നീസ് ജീവിതത്തെ പറ്റിയും, ആദ്യകാലങ്ങളില്‍ കരിയറില്‍ അനുഭവിച്ച പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തെ ആവശ്യഘട്ടങ്ങളില്‍ സഹായിച്ച ആളുകളെയും അദ്ദേഹം ഓര്‍മ്മിച്ചു. രോഹന്‍ ബൊപ്പണ്ണ ടെന്നീസ് അക്കാദമിയുടെ കീഴില്‍ പുതിയതായി ആരംഭിച്ച 'bhoomi' എന്ന പ്രോഗ്രാമിനെ പരിചയപ്പെടുത്തി. തനിക്ക് ലഭിക്കാഞ്ഞ സൗകര്യങ്ങളെല്ലാം വരും തലമുറക്ക് ലഭിക്കണം അതിനാണ് ഈ പദ്ധതിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
എല്ലാ കായിക വിനോദത്തിനും തുല്യ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് ബൊപ്പണ്ണ ഊന്നിപ്പറഞ്ഞു. 'നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കളിക്കുന്നതിനേക്കാള്‍ എത്രയോ മഹത്തരമാണ് നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിനു വേണ്ടി കളിക്കുന്നത്' എന്നും ബൊപ്പണ്ണ ഓര്‍മ്മിപ്പിച്ചു.
