ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥ പരാമർശിച്ച് തമിഴ്നാട് മന്ത്രി പളനിവേൽ ത്യാഗരാജൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ 'ദക്ഷിണേന്ത്യയ്ക്ക് തുരങ്കം വെയ്ക്കുമ്പോൾ ഇന്ത്യയ്ക്ക് നഷ്ടമാകുന്നതെന്താണ് ? ദക്ഷിണേന്ത്യയിൽ ആർക്കാണ് ദേഷ്യം വരേണ്ടത്' (What India Loses When South India Is Undermined? Who Gets to Be Angry in South India?) എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു തമിഴ്നാടിൻ്റെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റല്‍ സർവീസസ് മന്ത്രി. മാധ്യമപ്രവർത്തക കെ കെ ഷാഹിന മോഡറേറ്ററായ സെഷൻ്റെ അവസാനഘട്ടത്തിൽ നടൻ പ്രകാശ് രാജും ഭാഗമായി.
ഫെഡറലിസത്തിൻ്റെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കവെ ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയിലുള്ള സാമ്പത്തിക അസമത്വം പളനിവേൽ ത്യാഗരാജൻ ചൂണ്ടിക്കാട്ടി. പതിനഞ്ചാം ധനകാര്യകമ്മീഷനെ പരാമർശിച്ചു കൊണ്ട്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൽ വരുത്തിയ കുറവിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ദേശീയവരുമാനത്തിൻ്റെ വലിയൊരു ഭാഗം നൽകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. പക്ഷേ, തിരികെ ലഭിക്കുന്നത് ചെറിയൊരു ഭാഗം മാത്രമാണ്. മേഖലയിൽ സാമൂഹ്യ - സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കാലക്രമേണ ഈ വിടവ് വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഭരണനിർവഹണത്തെക്കുറിച്ചും ഗവർണർമാരുടെ പങ്കിനെക്കുറിച്ചും സെഷനിൽ ചർച്ച നടന്നു. ഗവർണർമാർ നിയമനിർമാണം വൈകിപ്പിക്കുന്നതും സ്ഥാപിത നടപടിക്രമങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതുമായ സംഭവങ്ങൾ പരാമർശിച്ച്, ഇത്തരം നടപടികൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും പളനിവേൽ ത്യാഗരാജൻ പറഞ്ഞു.
