കേരളത്തിലെയും ഇന്ത്യയിലെയും സമകാലീന മാധ്യമപ്രവർത്തനം ചർച്ചയാക്കി കെ എൽ എഫ് വേദി. സമകാലീന ഇന്ത്യൻ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിൻ്റെ സാധ്യതകളെക്കുറിച്ചും നിലനിൽപ്പിനെ ക്കുറിച്ചുമുള്ള തുറന്ന ചർച്ചക്കാണ് വേദി സാക്ഷ്യം വഹിച്ചത്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ മാധ്യമ പ്രവർത്തനത്തിന് ചോദ്യങ്ങൾ തുറന്ന് ചോദിക്കാനും ഉത്തരങ്ങൾ കിട്ടിയില്ലെങ്കിൽ അവ തേടി കണ്ടെത്താനും സാധിക്കണം. എന്നാൽ, സമകാലീന ഇന്ത്യയിൽ അതിനുള്ള വെല്ലുവിളികളാണ് ജോസി ജോസഫും നിരഞ്ജന ഉണ്ണിക്കൃഷ്ണനും പങ്കെടുത്ത സെഷനിൽ ചർച്ചയായത്. ശ്രീജിത്ത് ദിവാകരൻ മോഡറേറ്റർ ആയിരുന്നു.
2014ല് മോദി സർക്കാരിന്റെ കടന്നു വരവോടെ ഇന്ത്യയിലെ മാധ്യമപ്രവർത്തനം തീർത്തും പ്രതിരോധത്തിലായതായി ജോസി ജോസഫ് അഭിപ്രായപ്പെട്ടു. മുൻനിര മാധ്യമങ്ങളെയും സ്വതന്ത്ര മാധ്യമങ്ങളെയും ഭരണകൂടം അടിച്ചമർത്തുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കേരളത്തിലെ വൻ വ്യവസായ കുത്തകകളുടെ അഴിമതികൾ ചൂണ്ടിക്കാണിക്കാനോ വാർത്തയാക്കാനോ മുൻനിര മാധ്യമങ്ങൾ തയ്യാറാകുന്നില്ല. കാരണം ഇത്തരത്തിലുള്ള കോർപറേറ്റ് സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളാണ് മുൻനിര മാധ്യമങ്ങളുടെ വലിയൊരു വരുമാനം. മുൻനിരമാധ്യമങ്ങൾ ഈ വിധത്തിൽ അവഗണിച്ച സന്ദർഭങ്ങളെകുറിച്ചും അദ്ദേഹം സംസാരിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ പൊതുജനത്തിന് കൃത്യമായ വാർത്തകൾ എത്തിക്കാൻ സഹായിക്കുന്നത് സ്വതന്ത്ര മാധ്യമങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനവും വിജയകരവുമായ കഥ പറയുന്ന രീതി എന്നും മാധ്യമപ്രവർത്തനമാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ മാധ്യമ പ്രവർത്തനത്തിന് കൂടുതൽ കാലം നിലനിൽപ്പ് ഉണ്ടാകും. ഇന്നത്തെ കാലത്ത് മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
