നവോത്ഥാനവും മക്തി തങ്ങളും

വോത്ഥാനം എന്ന വാക്ക് മുമ്പെന്നത്തേക്കാൾ ചർച്ചയാകുന്ന രാഷ്ട്രീയ അന്തരീക്ഷത്തിലാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'ആധുനിക കേരളത്തിന്റെ ശിൽപികൾ' എന്ന വിഷയ പരമ്പരയിൽ സയിദ് സനാഉല്ല മക്തി തങ്ങളെക്കുറിച്ച് സംവാദം നടക്കുന്നത്. നവോത്ഥാന പാരമ്പര്യത്തിൽ മുസ്‌ലിംധാരയെ അവഗണിക്കുന്നതിനെതിരെ ശക്തമായ ഇടപെടൽ കൂടിയായിരുന്നു അത്. മക്തി തങ്ങൾ ജ്ഞാനായുധംകൊണ്ട് പൊരുതിയ പരിഷ്‌കർത്താവായിരുന്നോ? അദ്ദേഹത്തിന്റെ സംഭാവനകളെ വർത്തമാന കാലത്തിൽ എങ്ങനെയാണ് വിലയിരുത്തേണ്ടത്? സംവാദത്തിൽ മക്തി തങ്ങളുടെ സ്ത്രീപക്ഷ നിലപാടുകൾക്കെതിരെ വിമർശനവും ഉയർന്നു. എഴുത്തുകാരനും ചിന്തകനുമായ ഷാജഹാൻ മാടമ്പാട്ട്, ഗവേഷകനായ മഹമൂദ് കൂരിയ, കോഴിക്കോട് ഗവ. ആർട്‌സ് കോളജ് അധ്യാപകൻ എം.സി. അബ്ദുൾ നാസർ എന്നിവരായിരുന്നു സംവാദത്തിൽ മക്തി തങ്ങളുടെ ചരിത്ര പങ്കിനെ ഇഴകീറി പരിശോധിച്ചത്. മഹമൂദ് കൂരിയ ചർച്ചയെ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് വികസിപ്പിച്ചു. ഡോ. അഷ്‌റഫ് കടയ്ക്കൽ ആയിരുന്നു മോഡറേറ്റർ.

ഡോ. അഷ്‌റഫ് കടയ്ക്കൽ: നവോത്ഥാനം സജീവമായി ചർച്ച ചെയ്യപ്പെടുന്ന കാലമാണ് ഇത്. ഈ ചർച്ചകളിൽ വാഗ്ഭടാനന്ദൻ, നാരായണഗുരു തുടങ്ങിയ പരമ്പരയിൽ പേരിനെങ്കിലും ചേർത്തുവയ്ക്കുന്ന നാമമാണ് വക്കം അബ്ദുൾ ഖാദർ മൗലവി. അദ്ദേഹമാണ് മുസ്‌ലിം നവോത്ഥാനത്തിന്റെ പയനിയർ എന്ന നിലയ്ക്കാണ് ഇതുവരെ സാധാരണ വിശലകനങ്ങൾ നടത്തിപോന്നിട്ടുള്ളത്. എന്നാൽ, വക്കം മൗലവിയുടെ മുൻഗാമിയായിരുന്ന മക്തി തങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ വേണ്ടവിധം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. 1980 കളിലാണ് കേരള ഇസ്‌ലാമിക് മിഷൻ എന്ന സംഘം മക്തി തങ്ങളുടെ സമ്പൂർണ കൃതികൾ,അതും പരിമിതമായ മുസ്‌ലിം വൃത്തത്തിനുള്ളിൽ, പ്രസിദ്ധീകരിച്ചത്. അതോടെയാണ് ക്രിസ്തുമത ഖണ്ഡനത്തിൽ അഗാധ ജ്ഞാനമുള്ള ഒരു പണ്ഡിതനായി, വ്യക്തിയായി, പരിമിതമായ നിലയിലെങ്കിലും അദ്ദേഹം ചർച്ചയ്ക്കു വന്നത്. അപ്പോൾപോലും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ നേതൃത്വത്തിലേക്ക് ഇടം നൽകുക എന്ന അർത്ഥത്തിൽ മക്തിയെ പരിഗണിക്കുകയോ പഠിക്കുകയോ ചെയ്യാൻ ശ്രമിച്ചിട്ടില്ല. 1912-ൽ 65 വയസ്സുവരെ ജീവിച്ചു മരിച്ച വ്യക്തിയാണ് മക്തി തങ്ങൾ. 35 ഓളം കൃതികൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഒന്നാം വോള്യം കേരള ഇസ്‌ലാമിക് മിഷൻ പ്രസിദ്ധീകരിച്ച ശേഷമാണ് 33 കൃതികൾ കണ്ടെടുക്കുന്നത്.


Related Articles