'എഴുത്തിനെ ചിലർ ഭയക്കുന്നുണ്ടെങ്കിൽ അത് എഴുതപ്പെടേണ്ടതാണ്';  ആത്മകഥ പൂർത്തിയാക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കി സജിത മഠത്തിൽ

KLF

'എഴുത്തിനെ ചിലർ ഭയക്കുന്നുണ്ടെങ്കിൽ അത് എഴുതപ്പെടേണ്ടതാണ്'; ആത്മകഥ പൂർത്തിയാക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കി സജിത മഠത്തിൽ


തൻ്റെ എഴുത്തിനെ ചിലർ ഭയപ്പെടുന്നുണ്ടെങ്കിൽ അത് എഴുതപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ആത്മകഥ പൂർത്തിയാക്കാൻ പ്രേരകമായതെന്ന് അഭിനേത്രിയും എഴുത്തുകാരിയുമായ സജിത മഠത്തിൽ. സാഹിത്യനഗരമായ കോഴിക്കോട് നടക്കുന്ന കെ എൽ എഫ് ഒമ്പതാം പതിപ്പിൽ 'മൊഴിയാട്ടം: അരങ്ങിലെ പെൺചരിതം' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായല്ല താൻ ആത്മകഥ എഴുതിയതെന്നും സോണിയ റഫീഖ് മോഡറേറ്റർ ആയ സെഷനിൽ സജിത മഠത്തിൽ വ്യക്തമാക്കി.

വിവിധ പ്രസിദ്ധീകരണങ്ങളിൽ വന്ന ഓർമ്മക്കുറിപ്പുകൾ പുസ്തകമാക്കാൻ തീരുമാനിച്ചു. എന്നാൽ, അത് പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനിൽ നിന്നും വക്കീൽ നോട്ടീസ് ലഭിച്ചു. ഇതാണ് വഴിത്തിരിവായതെന്നും തന്റെ എഴുത്തിനെ ചിലർ ഭയക്കുന്നുണ്ടെങ്കിൽ അത് എഴുതപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ആത്മകഥ പൂർത്തിയാക്കാൻ പ്രേരണയായതെന്നും അവർ പറഞ്ഞു.

തനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ ആത്മഹത്യ ചെയ്ത അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ സജിത പങ്കുവെച്ചു. അമ്മ ശക്തമായി വളർത്തിയെങ്കിലും, അച്ഛനില്ലാത്തതിന്റെ അരക്ഷിതബോധം ഉള്ളിന്റെയുള്ളിൽ ആത്മവിശ്വാസക്കുറവായി അവശേഷിക്കുന്നുണ്ട്. അച്ഛന്റെ മൃതദേഹം കൊണ്ടുപോകുമ്പോൾ വശങ്ങളിലേക്ക് തൂങ്ങിക്കിടന്ന കൈ, കുട്ടിയായിരുന്ന തന്റെ നെറ്റിയിൽ തട്ടിയപ്പോൾ അനുഭവപ്പെട്ട 'തണുപ്പ്' ഇന്നും മായാത്ത ഓർമ്മയാണെന്നും ആത്മഹത്യ ചുറ്റുമുള്ളവരുടെ ജീവിതത്തെ എത്രത്തോളം മുറിപ്പെടുത്തുമെന്ന് അനുഭവിച്ചറിഞ്ഞതു കൊണ്ട് താനൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവർ പറഞ്ഞു.


Related Articles