കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026 ല്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ് പങ്കെടുക്കുന്ന വിവിധ സെഷനുകളുടെ വിശദമായ വിവരങ്ങള്‍ പ്രഖ്യാപിച്ചു. ഭൂമിക്കപ്പുറത്തേക്കുള്ള മനുഷ്യന്റെ അന്വേഷണങ്ങളെ മുന്നോട്ട് നയിക്കുന്നതില്‍ അപൂര്‍വ്വ സംഭാവനകള്‍ നല്കിയ സുനിത വില്യംസിന്റെ അനുഭവങ്ങള്‍ ജനങ്ങളിലേയ്ക്കും പുതുതലമുറയിലേക്കും എത്തിക്കുവാന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അവസരമൊരുക്കുകയാണ്.
സുനിത വില്യംസിന്റെ പ്രചോദനാത്മകമായ ബഹിരാകാശ യാത്രകളും അനുഭവങ്ങളും പങ്കുവെക്കപ്പെടുന്ന സെഷനുകളാണ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെഷനുകളുടെ വിശദാംശങ്ങള്‍:
ജനുവരി 22-ന് വൈകിട്ട് 7.30 മുതല്‍ 8.30 വരെ എഴുത്തോല വേദിയില്‍ 'Dream Reach Orbit: Meet the Astronaut who Touched the Sky' എന്ന വിഷയത്തില്‍ സുനിത വില്യംസ് സംസാരിക്കും.
ജനുവരി 23-ന് രാവിലെ, കുട്ടികള്‍ക്കായിട്ടുള്ള ചില്‍ഡ്രസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (CKLF)-ന്റെ ഭാഗമായി ഒരുക്കുന്ന 'Children's KLF: Once Upon a Time In Space' എന്ന സെഷന്, എഴുത്തോല വേദിയില്‍ 10 മുതല്‍ 11 മണിവരെ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പങ്കെടുക്കുവാൻ അവസരം. അഭിനേത്രിയും സാംസ്കാരിക പ്രവര്‍ത്തകയുമായ റിമ കല്ലിങ്കല്‍ മോഡറേറ്ററായിരിക്കും.
