ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കെ എൽ എഫിന്റെ (കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ) ഒൻപതാം പതിപ്പിന് ഔദ്യോഗിക തുടക്കം. കെ എൽ എഫിന്റെ ആദ്യദിവസമായ 22-ന് വൈകിട്ട് പ്രധാനവേദിയ എഴുത്തോലയിൽവച്ചു നടന്ന പരിപാടിയിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ബഹിരാകാശയാത്രിക സുനിത വില്യംസുംചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
കെ എൽ എഫ് ഓർഗനൈസിങ് കമ്മറ്റി ചെയർമാൻ എ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ മുഖ്യപ്രഭാഷണം നടത്തി. ഒളിന്പ്യൻ ബെൻ ജോൺസൺ, ഫെസ്റ്റിവൽ ഡയറക്ടർ കെ. സച്ചിദാനന്ദൻ, കെ എൽ എഫ് സ്ഥാപകനും ഡി സി ബുക്സ് സി.ഇ.ഒ.യുമായ രവി ഡി സി, അതിഥിരാജ്യമായ ജർമ്മൻ പ്രതിനിധികളായ അക്കിം ബുർക്കാർട്ട്, ഡോ. മർല സ്റ്റുക്കൻബർഗ്, ഡോ. സെയ്ദ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. കോഴിക്കോട് മേയർ ഒ. സദാശിവൻ, നടി ഭാവന, എം. മുകുന്ദൻ, സക്കറിയ, ഡോ. ദിവ്യ എസ്. അയ്യർ, പ്രകാശ് രാജ്, ഡോ. എസ്. ജയശ്രീ, രാജ്കുമാർ മീന ഐ.പി.എസ്., സ്നെഹിൽകുമാർ സിങ് ഐ.എ.എസ്. എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. നാരായണൻ ടി ഐ.പി.എസ്, നിർമ്മല ലക്ഷ്മൺ, തമിഴച്ചി തങ്കപാണ്ഡൻ, സഫാരി, സോഫിയ എന്നിവർ സന്നിഹിതരായിരുന്നു. കെ.എൽ.എഫ് ഓർഗനൈസിങ് കമ്മറ്റി ജനറൽ കൺവീനർ ഡോ. എ.കെ. അബ്ദുൾ ഹക്കിം യോഗത്തിന് നന്ദി അറിയിച്ചു.
ഇന്ത്യയുടെ ആദ്യ യുനെസ്കോ സാഹിത്യനഗരമായ കോഴിക്കോട് കടല്‍ത്തീരത്ത് ജനുവരി 22, 23, 24, 25 തീയതികളിലാണ് കെ എല്‍ എഫ് നടക്കുന്നത്. നാലു ദിവസം എട്ട് വേദികളിലായി 18 രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം പ്രഗല്ഭര് പങ്കെടുക്കുന്ന 350-ലധികം സെഷന്‍സാണ് കെ എല്‍ എഫില്‍ അരങ്ങേറുന്നത്.
