ഇന്ത്യൻ പശ്ചാത്തലത്തിൽ എഴുതുമ്പോൾ കുടുംബത്തെ മാറ്റി നിർത്താൻ കഴിയില്ല: കിരൺ ദേശായി

KLF

ഇന്ത്യൻ പശ്ചാത്തലത്തിൽ എഴുതുമ്പോൾ കുടുംബത്തെ മാറ്റി നിർത്താൻ കഴിയില്ല: കിരൺ ദേശായി


പുതിയ നോവൽ പൂർത്തിയാക്കാൻ എടുത്ത ദീർഘമായ 20 വർഷത്തെ യാത്രയെക്കുറിച്ച് മനസ്സ് തുറന്ന് പ്രശസ്ത എഴുത്തുകാരി കിരൺ ദേശായി. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുമ്പോഴാണ് തൻ്റെ പുതിയ നോവലിനെക്കുറിച്ചും അത് പൂർത്തിയാക്കാൻ എടുത്ത ദീർഘമായ കാലയളവിനെക്കുറിച്ചും അവർ മനസ്സ് തുറന്നത്. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന സണ്ണിയുടെയും സോണിയയുടെയും ജീവിതകഥയാണ് ഈ നോവലിൽ പ്രമേയമാകുന്നത്. 'The Loneliness of Sonia and Sunny' എന്ന സെഷനിൽ മോഡറേറ്ററായ നന്ദിനി നായരുമായി സംസാരിക്കവെ പാശ്ചാത്യലോകത്ത് അനുഭവപ്പെടുന്ന ഒറ്റപ്പെടൽ എഴുത്തുകാരിയെന്ന നിലയിൽ തന്നെ രൂപപ്പെടുത്തിയെന്നും അവർ പറഞ്ഞു.

കേവലം ഒരു പ്രണയകഥ എന്നതിലുപരി വ്യക്തിത്വത്തിനായുള്ള തിരച്ചിൽ, സ്വയം നവീകരണം, സ്നേഹം കണ്ടെത്തൽ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകളാണ് ഈ കൃതിയിൽ പങ്കുവെക്കുന്നത്. അമേരിക്കയിലെ പഠനകാലത്ത് അനുഭവിച്ച ഏകാന്തതയാണ് ഈ പുസ്തകത്തിന്റെ ഉത്ഭവത്തിന് പിന്നിൽ. ഇന്ത്യയിലെ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യലോകത്ത് അനുഭവപ്പെടുന്ന ഒറ്റപ്പെടൽ എഴുത്തുകാരിയെന്ന നിലയിൽ തന്നെ രൂപപ്പെടുത്തിയെന്നും അവർ വ്യക്തമാക്കി.

ഇന്ത്യൻ പശ്ചാത്തലത്തിലുള്ള പ്രണയകഥ എഴുതുമ്പോൾ കുടുംബത്തെയും ചുറ്റുമുള്ള വലിയ ലോകത്തെയും മാറ്റിനിർത്താൻ കഴിയില്ല. ബന്ധുക്കളുടെ ഇടപെടലുകളും ഭക്ഷണത്തിന്റെ പ്രാധാന്യവും നോവലിൽ ഇഴചേർന്നു കിടക്കുന്നു. ഭക്ഷണം കേവലം ഒരു ആഹാരമല്ലെന്നും അത് കുടുംബ ബന്ധങ്ങളെയും സംസ്കാരത്തെയും വർഗ്ഗത്തെയും വെളിപ്പെടുത്തുന്ന മാധ്യമമാണെന്നും കിരൺ ദേശായി ഓർമ്മിപ്പിച്ചു.


Related Articles