'നമ്മുടെ ഐഡിയോളജി ഒരിക്കലും നമ്മുടെ ഐഡന്റിറ്റി ആകരുത്': രമേഷ് പിഷാരടി

KLF

'നമ്മുടെ ഐഡിയോളജി ഒരിക്കലും നമ്മുടെ ഐഡന്റിറ്റി ആകരുത്': രമേഷ് പിഷാരടി


ചലച്ചിത്രതാരം രമേഷ് പിഷാരടിയും മോഡറേറ്ററായി മാധ്യമപ്രവര്‍ത്തകന്‍ നിശാന്ത് എം.വി.യും പങ്കെടുത്ത 'സംഗതി രാഷ്ട്രീയമാണ്' എന്ന കെഎല്‍എഫ് സെഷന്‍ വേറിട്ട ഒരനുഭവമായി. സമകാലിക കേരളീയ സമൂഹത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയം, ഡിജിറ്റല്‍ കാലത്തെ പ്രബുദ്ധത തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഇരുവരും സംസാരിച്ചു.

എല്ലാവരും സ്ഥിരമായി ഒരേ പാര്‍ട്ടിക്ക് തന്നെ വോട്ട് ചെയ്യുകയാണെങ്കില്‍, ഓരോ വര്‍ഷവും 18 വയസ്സ് തികയുന്നവര്‍ക്ക് വേണ്ടി മാത്രം ഇലക്ഷന്‍ നടത്തിയാല്‍ പോരെ എന്ന് പിഷാരടി ചോദിച്ചു. വോട്ട് മാറി കുത്തുന്നതിലാണ് ഇലക്ഷന്റെ പ്രസക്തി. എന്നാല്‍ പാര്‍ട്ടികള്‍ പലപ്പോഴും ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ടുകളെ മുന്‍കൂട്ടി നിശ്ചയിച്ച 'പോക്കറ്റുകളായി' കാണുന്നു. യഥാര്‍ത്ഥ 'നിഷ്പക്ഷന്‍' എന്നത് രാഷ്ട്രീയ ബോധമില്ലാത്തവനല്ല, മറിച്ച് സ്വന്തം എടിഎം പിന്‍ നമ്പര്‍ പോലെ രാഷ്ട്രീയം രഹസ്യമായി സൂക്ഷിക്കുന്നവനാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

മലയാളിയുടെ പ്രബുദ്ധതയെ കുറിച്ചുള്ള അവകാശവാദങ്ങളെ പിഷാരടി വിമര്‍ശനാത്മകമായിട്ടാണ് സമീപിക്കുന്നത്. നമ്മള്‍ പ്രബുദ്ധരാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാനുള്ള പ്രബുദ്ധത മാത്രമേ നമുക്കുള്ളൂ എന്ന് അദ്ദേഹം പരിഹസിച്ചു. ഡിജിറ്റല്‍ സാക്ഷരതയുടെ അഭാവം മലയാളിയെ എങ്ങനെ ബാധിക്കുന്നു എന്ന് ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം വ്യക്തമാക്കി. പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ക്ക് താഴെ വരുന്ന അര്‍ത്ഥശൂന്യമായ കമന്റുകളും, എഐ നിര്‍മ്മിത ചിത്രങ്ങളെ തിരിച്ചറിയാനാവാതെ ഫോണ്‍ നമ്പര്‍ നല്‍കുന്നവരും നമ്മുടെ 'പ്രബുദ്ധത' പുനര്‍ചിന്തനം ചെയ്യേണ്ടതുണ്ടെന്ന് തെളിയിക്കുന്നു.


Related Articles