മലയാള സിനിമാസംഗീതത്തിന് ആത്മാവും വികാരവും സമ്മാനിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെയും അദ്ദേഹത്തിന്റെ വരികളും അതിലൂടെ പിറന്ന അമരഗാനങ്ങളും പങ്കുവെച്ച 'ഹൃദയരാഗതന്ത്രി മീട്ടുമ്പോള്‍-ജീവിതവും പാട്ടും' എന്ന കെഎല്‍എഫ് സെഷന്‍ ഹൃദയസ്പര്‍ശിയായ ഒന്നായി മാറി.
'അക്ഷരം' വേദിയില്‍ നടന്ന ഈ സെഷനില്‍ ആദ്യം ഉയര്‍ന്നത്, കൈതപ്രം- ജോണ്‍സണ്‍ മാസ്റ്റര്‍ കൂട്ടുകെട്ടിനെക്കുറിച്ചായിരുന്നു. 'വരവേല്‍പ്പ്' എന്ന സിനിമയിലൂടെയാണ് കൈതപ്രം -ജോണ്‍സണ്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. തുടക്കത്തില്‍ തന്നേ ഈ കൂട്ടുകെട്ട് മലയാള സിനിമയില്‍ ഒരു പുതിയ സംഗീതഭാഷ സൃഷ്ടിച്ചു. ലാളിത്യവും ആഴമുള്ള വികാരവും ഒരുമിക്കുന്ന വരികളും സംഗീതവുമാണ് ഇവരുടെ ഗാനങ്ങളെ ജനഹൃദയങ്ങളോട് ചേര്‍ത്തത്.
'കിരീടം' എന്ന ചിത്രത്തിലെ 'കണ്ണീര്‍ പൂവിന്റെ' എന്ന ഗാനം രൂപപ്പെട്ട കഥ സെഷനില്‍ പ്രത്യേക ശ്രദ്ധ നേടി. ആദ്യം ഒരു ഫാസ്റ്റ് ട്യൂണായിട്ടായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍ ഈ ഗാനം ഒരുക്കിയിരുന്നത്. പക്ഷെ, സംവിധായകന്‍ ലോഹിതദാസിന്റെ നിര്‍ദേശപ്രകാരം അത് ഒരു മെലഡിപ്പോലെ മന്ദഗതിയിലേക്ക് മാറ്റുകയും, കൈതപ്രത്തിന്റെ വരികള്‍ വന്നതോടെ ആ ഗാനം മാസ്റ്ററുടെ തന്നെ പ്രിയപ്പെട്ട സൃഷ്ടിയായി മാറുകയും ചെയ്തു. ഈ ഗാനത്തില്‍ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ മുഴുവന്‍ ജീവിതവേദനയും ഒതുങ്ങിയിരിക്കുന്നതായും പ്രഭാഷകര്‍ നിരീക്ഷിക്കുന്നുണ്ട്.
