ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കെ എല്‍ എഫ് (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍) 2026-ന് തുടക്കമായി. കെ എല്‍ എഫ് ഒന്‍പതാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏഴ് മണിവരെയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസും പങ്കെടുക്കുന്ന ചടങ്ങില്‍ പ്രധാന അതിഥിയായി ബഹിരാകാശ യാത്രിക സുനിത വില്യംസ് ആണ് എത്തുന്നത്.
ഇന്ത്യയുടെ ആദ്യ യുനെസ്‌കോ സാഹിത്യനഗരമായ കോഴിക്കോട് കടല്‍ത്തീരത്ത് ജനുവരി 22, 23, 24, 25 തീയതികളിലായിട്ടാണ് കെ എല്‍ എഫ് നടക്കുന്നത്. നാലു ദിവസം എട്ട് വേദികളിലായി 18 രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം പ്രഗല്ഭര്‍ പങ്കെടുക്കുന്ന 350-ലധികം സെഷന്‍സാണ് കെ എല്‍ എഫില്‍ അരങ്ങേറുന്നത്.
ഒ സദാശിവന്‍ (കോഴിക്കോട് മെയര്‍), പളനിവേല്‍ ത്യാഗരാജന്‍ (തമിഴ്‌നാട് ഐടി മന്ത്രി), തമിഴച്ചി തങ്കപാണ്ഡ്യന്‍, കെ സച്ചിദാനന്ദന്‍, ഭാവന, പ്രകാശ് രാജ്, നിര്‍മ്മല ലക്ഷ്മണന്‍, ദിവ്യ എസ് അയ്യര്‍, അച്ചി ബുര്‍ഖത്ത്, ഡോ. മാര്‍ലാ സുര്‍ക്കന്‍ബെര്‍ഗ്, ഡോ. സെയ്ദ് ഇബ്രാഹിം, എ. പ്രദീപ് കുമാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
