കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) 2026-ന്റെ അതിഥി രാജ്യമായ ജര്‍മ്മനി ഒരുക്കുന്ന വേദിയായ ജര്‍മന്‍ പവിലിയന്, വെറും ഒരു ആര്‍ക്കിടെക്ചറല്‍ ഘടനയല്ല; മണ്ണും നൂലും മനുഷ്യപ്രയത്നവും ചേര്‍ന്നൊരു സാംസ്കാരിക 'കഥ'യാണ്. ജര്‍മന്‍ പവിലിയന്റെ നിര്‍മ്മാണ പശ്ചാത്തലവും ആശയലോകവും ചര്‍ച്ച ചെയ്ത 'The Making of German Pavilion' എന്ന സംവാദം, ആര്‍ക്കിടെക്ചറും സംസ്കാരവും കൂട്ടായ തിരിച്ചറിവും എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉദാഹരണമായി.
ജര്‍മന്‍ പവിലിയന്റെ പ്രോഗ്രാം കമ്മിറ്റിയുടെ കോര്‍ഡിനേറ്ററായ ആയിഷ എ.കെ-യാണ് സംവാദത്തിന് നേതൃത്വം നല്‍കുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തത്. ആര്‍ക്കിടെക്റ്റുമാരായ അക്ഷയ് ഹെരഞ്ചാല്, അര്‍പിത പൈ എന്നിവരുമായി ചേര്‍ന്നായിരുന്നു സംവാദം നടന്നത്. സംവാദത്തില്‍ കോഴിക്കോടും ജര്‍മ്മനിയും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം പ്രധാനമായി ചര്‍ച്ച ചെയ്തു.
ആര്‍ക്കിടെക്ചര്‍ ഒരു സമൂഹത്തിന്റെ കൂട്ടായ തിരിച്ചറിവിന്റെ പ്രതിഫലനമാണ് എന്ന ആശയമാണ് പവിലിയന്റെ അടിത്തറ. കോമണ്‍വെല്‍ത്ത് ടൈല്‍ ഇഷ്ടിക പാരമ്പര്യം, മണ്ണിന്റെയും നൂലിന്റെയും കഥയായി പവിലിയന് രൂപകല്‍പ്പനയില്‍ ദൃശ്യമായി. താല്‍ക്കാലിക ഘടനയെ ശാശ്വത അനുഭവമാക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് മറുപടിയായാണ് ബാംബു സ്കാഫോള്‍ഡിംഗ്, പായമാറ്റുകള്, കൊറ തുണി തുടങ്ങിയ പ്രാദേശിക വസ്തുക്കള്‍ ഉപയോഗിച്ചത്. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് 'Nirmathi collective'ആയിരുന്നു.
