കെഎല്‍എഫ് 2026ന്റെ അവസാന ദിനത്തില്‍ 'കഥ' വേദിയില്‍ മനുഷ്യരുണ്ടായ കാലം മുതല്‍ക്കിന്നുവരെയുള്ള വര്‍ണ്ണവിചാരങ്ങളെ കുറിച്ചുള്ള ചര്‍ച്ച വേറിട്ട ചിന്താഗതികളിലേക്ക് നയിച്ചു. 'കറുപ്പിന്റെ ചരിത്ര വിചാരങ്ങള്‍' ഗൗരവമേറിയ വിഷയത്തില്‍ സംസാരിക്കാന്‍ എത്തിയത് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ കെഇഎന്‍ കുഞ്ഞഹമ്മദ്, ദ്വിഭാഷ എഴുത്തുകാരന്‍ എ എം ഷിനാസ്, ചരിത്രകാരിയും ഗവേഷകയും അദ്ധ്യാപികയുമായ ഡോ. ഷിബി കെ എന്നിവരായിരുന്നു. അധ്യാപകനും ഗവേഷകനുമായ വിനില്‍ പോള്‍ ആയിരുന്നു ചര്‍ച്ച ഏകോപിപ്പിക്കാന്‍ എത്തിയത്.
മനുഷ്യന്റെ ഉല്പത്തി മുതലിങ്ങോട്ട്, ലോകത്തിന്റെ പല ധ്രുവങ്ങളിലേക്കുള്ള കറുത്തവര്‍ഗക്കാരുടെ പലായനവും കുടിയേറ്റത്തിന്റെ ഫലമായി അവരിലുണ്ടായ ശാരീരിക മാറ്റങ്ങളെ അധികാരബുദ്ധിയും കൊളോണിയലിസവും എങ്ങനെയെല്ലാം അന്നും ഇന്നും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നുവെന്നും വേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ആര്യന്‍ ദ്രാവിഡ തിയറിയും ഇത് സംബന്ധിച്ച ഇന്ത്യയിലെ പഠനങ്ങളും ഇതിന്റെ തുടര്‍ച്ചയായി ഇപ്പോഴും നമ്മള്‍ തിരയുന്ന കറുത്ത വെളുത്ത മനുഷ്യനെ സംബന്ധിച്ചുമാണ് ഡോ. ഷിബി കെ ചരിത്രതെളിവുകളോടെ വേദിയില്‍ ഉന്നയിച്ചത്.
ഭാഷയിലെ പ്രയോഗങ്ങളിലൂടെയും മിത്തുകളിലൂടെയും കറുപ്പിനെ എപ്രകാരമാണ് 'തിന്മ'യുടെ അടയാളമായി മുദ്രകുത്തിയത് എന്ന് കെഇഎന്‍ വിശദീകരിച്ചു. ഒപ്പം വെളുപ്പ് ഭീകരതയുടെ ലോകത്ത് കറുപ്പിനാണ് ഭംഗിയെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
