കോഴിക്കോട് ബീച്ചില്‍ പുരോഗമിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (കെഎല്‍എഫ് 2026) രണ്ടാം ദിനത്തില്‍ വായനക്കാരുടെ മനം കവര്‍ന്ന് 'കാലത്തോടുള്ള കഥാ കലാപങ്ങള്‍' എന്ന സെഷന്‍. സമകാലിക മലയാള സാഹിത്യത്തിലെ കരുത്തുറ്റ ശബ്ദമായ കെ.ആര്‍. മീരയും മോഡറേറ്ററായി ഷാഹിനാ കെ റഫീഖും പങ്കെടുത്ത സെഷന്‍, സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയും സാമൂഹിക വിമര്‍ശനത്തിന്റെയും വേദിയായി മാറി.
തന്റെ എഴുത്തുജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും കെ.ആര്‍. മീര തുറന്നു സംസാരിച്ചു. 'വിമര്‍ശനങ്ങള്‍ ഇല്ലാത്ത ഒരു ജീവിതം എനിക്കുണ്ടായിട്ടില്ല. മലയാളി മധ്യവര്‍ഗ്ഗ സ്ത്രീക്ക് കിട്ടുന്ന ഏറ്റവും വലിയ പരിശീലനം വിമര്‍ശനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളതാണ്,' അവര്‍ പറഞ്ഞു. പീപ്പിള്‍ പ്ലീസര്‍ (മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നവര്‍) ആകാത്തിടത്തോളം വിമര്‍ശനങ്ങള്‍ തുടരുമെന്നും, ആരും വിമര്‍ശിക്കുന്നില്ലെങ്കില്‍ തന്റെ നിലപാടുകളില്‍ തെറ്റുണ്ടോ എന്ന് സംശയിക്കേണ്ടി വരുമെന്നും മീര കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിനകത്തെ ജനാധിപത്യമില്ലായ്മയെക്കുറിച്ചും സ്ത്രീകള്‍ക്ക് സ്വന്തമായ ഒരിടം (Space) നേടിയെടുക്കാന്‍ നടത്തേണ്ടി വരുന്ന പോരാട്ടങ്ങളെക്കുറിച്ചും സെഷനില്‍ ഗൗരവമായ ചര്‍ച്ച നടന്നു. പുരുഷാധിപത്യം എന്നത് പുരുഷന്മാര്‍ക്കും ഒരു ഭാരമാണെന്നും, സമൂഹം കുത്തിവെക്കുന്ന അഹന്തയും കരുത്തും തെറ്റായ രീതിയില്‍ പുരുഷനെ വാര്‍ത്തെടുക്കുന്നുവെന്നും മീര അഭിപ്രായപ്പെട്ടു.
