കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026-ലെ, വേദി തൂലികയിലെ അഞ്ചാമത്തെ സെഷന്‍ അമാനുഷികതയുടെ ത്രസിപ്പിക്കുന്ന അനുഭവങ്ങളിലേക്കുള്ള ഒരു എത്തി നോട്ടമായിരുന്നു. തന്റെ ജീവിതത്തിലെ അവിശ്വസനീയമായ അനുഭവങ്ങള്‍ മോഡറേറ്ററായ നന്ദിനി നായരുമായി പങ്കുവെച്ച്, ഒരേ സമയം മോഡറേറ്ററെയും കാണികളെയും ഒരു അത്ഭുതത്തിന്റെയും അമ്പരപ്പിന്റെയും പാതയിലേക്ക് കൊണ്ടുപോകാന്‍ സെഷനിലെ സ്പീക്കറായ സന്‍ജോയ് കെ റോയിക്ക് സാധിച്ചു.
സന്‍ജോയ് കെ റോയിയുടെ ആത്മീയവും അമാനുഷികവുമായ ജീവിതത്തെ കുറിച്ച് ഒരു പശ്ചാത്തലം ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ ആദ്യനാളുകളെ പറ്റിയുള്ള ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് നന്ദിനി നായര്‍ സെഷന്‍ ആരംഭിച്ചത്. വളര്‍ത്തു മൃഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സന്‍ജോയ്, തന്റെ കുട്ടിക്കാലം ചെലവഴിച്ചത് കൊച്ചിയിലാണ്.
മൃഗങ്ങള്‍ക്ക് അസാധാരണമായ സാന്നിധ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയും എന്നുള്ള വിശ്വാസം ശരിയാണോ എന്ന മോഡറേറ്ററുടെ ചോദ്യത്തിനോട് സന്‍ജോയ് പൂര്‍ണമായും യോജിക്കുകയും തന്റെ വളര്‍ത്തു നായയുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് 'There's a Ghost in my Room' എന്ന സന്‍ജോയ് കെ റോയിയുടെ പുസ്തകം ചര്‍ച്ചയുടെ പ്രധാന വിഷയമായി മാറി.
