കേരളത്തിലെ ജലപാതകളെ ഒരു 'ഹൈഡ്രോ-സോഷ്യല്‍' വ്യവസ്ഥയായി കാണണം!

KLF

കേരളത്തിലെ ജലപാതകളെ ഒരു 'ഹൈഡ്രോ-സോഷ്യല്‍' വ്യവസ്ഥയായി കാണണം!


കേരളത്തിന്റെ ജലപാതകളുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തെക്കുറിച്ചും അവ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംഘടിപ്പിച്ച അക്ഷരവേദിയിലെ 'കേരളത്തിന്റെ ജലഭാവി' എന്ന സെഷനില്‍ സജീവ ചര്‍ച്ച നടന്നു. കവിയും ഡോക്യുമെന്ററി സംവിധായകനുമായ പി അജിത് കുമാറും എംജി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ എം.എച്ച് ഇല്യാസും പങ്കെടുത്ത സെഷന്റെ മോഡറേറ്റര്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അമൃത് ലാലായിരുന്നു.

കേരളത്തിന്റെ ചരിത്രത്തില്‍ ജലപാതകള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അജിത്കുമാറും ഇല്യാസും പറയുന്നു. അജിത് കുമാര്‍ വര്‍ഷങ്ങളോളം നടത്തിയ ഗവേഷണത്തിനൊടുവില്‍ നിര്‍മ്മിച്ച 'ജലം'എന്ന ഡോക്യുമെന്ററി ചര്‍ച്ചയ്ക്ക് ആധാരമായിരുന്നു. കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളത്തിന്റെ ജലപാതകളെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണമാണ് 'ജലം' എന്ന ഡോക്യുമെന്ററി. ഒരുകാലത്ത് കേരളത്തിന്റെ പ്രധാന ഗതാഗത മാര്‍ഗ്ഗമായിരുന്ന ഈ ജലപാതകള്‍ മലയാളിയുടെ സംസ്‌കാരത്തെ എങ്ങനെയെല്ലാം സ്വാധീനിച്ചു എന്നത് ഇതില്‍ വ്യക്തമാക്കുന്നു.

ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ടണലുകളില്‍ ഒന്നായ 1880-ല്‍ നിര്‍മ്മിക്കപ്പെട്ട വര്‍ക്കല ടണലുകള്‍ ലോകത്തിലെ തന്നെ എഞ്ചിനീയറിംഗ് അത്ഭുതമായി കണക്കാക്കുന്നു. ഈ ടണലുകളുടെ പ്രാധാന്യത്തെ സംബന്ധിച്ചും സെഷനില്‍ ചര്‍ച്ച നടന്നു. പുഴയുടെയും കടലിന്റെയും സാന്നിധ്യം പൊന്നാനി പോലുള്ള തുറമുഖ നഗരങ്ങളെ കൂടുതല്‍ സ്വതന്ത്രവും ലിബറലുമായ സംസ്‌കാരത്തിലേക്ക് എങ്ങനെ നയിച്ചുവെന്നും സംഭാഷണത്തില്‍ കടന്നുവന്നു.


Related Articles