ഒന്‍പതാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എഴുത്തുകാരന്‍ എം. മുകുന്ദനും സ്റ്റോറിടെല്ലറും നോവലിസ്റ്റുമായ ലിജീഷ് കുമാറും തമ്മിലുള്ള സംഭാഷണം പ്രണയത്തെക്കുറിച്ചുള്ള ഒരു ആഴമുള്ള ചിന്തയിലേക്കാണ് നമ്മളെ നയിക്കുന്നത്. കെഎല്‍എഫിലെ വാക്ക് വേദിയില്‍ 'ഒരു നോണ്‍വെജ് പ്രണയകഥയുടെ കഥ' എന്ന സെഷന്‍ പ്രണയത്തിന്റെ മറ്റുഭാവങ്ങളിലേക്ക് സഞ്ചരിച്ചു. മുകുന്ദന്റെ കഥകളിലെ പ്രണയസങ്കല്പങ്ങളായിരുന്നു ചര്‍ച്ചയുടെ കേന്ദ്രം.
ദൂരെ നിന്നു കാണുമ്പോള്‍ ചെറുതാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു കവിതപോലെ, അടുത്തേക്ക് ചെന്നാല്‍ കൂടുതല്‍ വലുതായി തോന്നുന്ന എഴുത്തുകാരനാണ് മുകുന്ദനെന്നാണ് ലിജീഷിന്റെ നിരീക്ഷണം. തന്റെ എഴുത്തിലെ പ്രണയത്തിലേക്ക് ചര്‍ച്ച കടന്നപ്പോള്‍, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ദാസനും ചന്ദ്രികയും വെള്ളിയാങ്കല്ലിലേക്ക് പോകുന്നത് ഒരു നിര്‍ബന്ധമായ തീരുമാനമാണെന്ന് മുകുന്ദന്‍ പറയുന്നു. അവര്‍ അവിടെ പോയില്ലെങ്കില്‍ കഥ തന്നെ തകരും.
പ്രണയം ഒരു ലളിതമായ വികാരമല്ല, അതീവ ആഴമുള്ള ഒന്നാണ്. വിശപ്പുള്ളവര്‍ക്ക് വിപ്ലവം നടത്താം, പക്ഷേ പ്രണയത്തില്‍ പരാജയപ്പെട്ടവര്‍ പലപ്പോഴും തകര്‍ന്നുപോകുന്നു എന്നാണ് മുകുന്ദന്‍ പറയുന്നത്. സമൂഹം പലപ്പോഴും പ്രണയിക്കുന്നവരെ ജീവിക്കാന്‍ അനുവദിക്കാറില്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
