'ചരിത്രവും അതിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളും: ജര്‍മനി തങ്ങളുടെ ഭൂതകാലത്തെ പുനഃപരിശോധിക്കുന്നു'

KLF

'ചരിത്രവും അതിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളും: ജര്‍മനി തങ്ങളുടെ ഭൂതകാലത്തെ പുനഃപരിശോധിക്കുന്നു'


കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) 2026-ലെ ജര്‍മന്‍ പവിലിയനില്‍ ജര്‍മനി തങ്ങളുടെ ഭൂതകാലത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. 'History and its Many Interpretations: How Germany is Rethinking its Past' എന്ന സെഷനില്‍ കവിയും കലാസംഘാടകനും ജര്‍മന്‍-ജൂതവംശജനുമായ മാക്സ് സൊലെക്കും ജര്‍മന്‍ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഹദീജ ഹാരുണും പങ്കെടുത്തു. ജര്‍മന്‍ സാഹിത്യ പണ്ഡിതയും, വിവര്‍ത്തകയുമായ ജയശ്രീ ജോഷി ആയിരുന്നു സെഷന്റെ മോഡറേറ്റര്‍.

ചരിത്രം ഒരൊറ്റ സത്യകഥയല്ല, മറിച്ച് സംസാരിക്കപ്പെടാത്ത അനുഭവങ്ങളും മറഞ്ഞുപോയ ശബ്ദങ്ങളും ചേര്‍ന്നുള്ള ഒരു സങ്കീര്‍ണ്ണ ഘടനയാണെന്ന് സെഷന്‍ വ്യക്തമാക്കി. ചരിത്രത്തെ വ്യക്തിപരമായി എങ്ങനെ സമീപിക്കുന്നു എന്ന ചോദ്യത്തിന് മറുപടിയായി മാക്സ്, സംസാരിക്കപ്പെടാത്തതിനാല്‍ തന്നെ ചരിത്രത്തിലെ പല അനുഭവങ്ങളും അദൃശ്യമാകുന്നുവെന്ന് പറഞ്ഞു.

വടക്കേ അമേരിക്കയില്‍ ജൂത സംസ്‌കാരം നൃത്തം, സംഗീതം തുടങ്ങിയ ജീവിതോത്സവങ്ങളിലൂടെ ദൃശ്യമാകുമ്പോള്‍, ജര്‍മനിയില്‍ ജൂതര്‍ ഒരേസമയം സ്വീകരിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയൊരു മെമ്മറി കള്‍ച്ചര്‍ അനിവാര്യമാണെന്ന ആശയവും മാക്സ് മുന്നോട്ടുവച്ചു.


Related Articles