ബെര്‍ലിന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും; സാഹിത്യോത്സവങ്ങളുടെ പിന്നാമ്പുറ കാഴ്ചകള്‍

KLF

ബെര്‍ലിന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും; സാഹിത്യോത്സവങ്ങളുടെ പിന്നാമ്പുറ കാഴ്ചകള്‍


കെഎല്‍എഫ് 2026-ലെ ജര്‍മന്‍ പവലിയന്‍ രണ്ടു രാജ്യങ്ങളിലെ സാഹിത്യോത്സവത്തിലെ പിന്നിലെ കഥകള്‍ പങ്കുവെച്ച, 'From Berlin to Calicut: Literature Festivals Behind the Scenes' എന്ന സെഷന്‍ സാഹിത്യപ്രേമികള്‍ക്ക് ആവേശകരമായി. 2023 മുതല്‍ ബെര്‍ലിന്‍ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഡയറക്ടറും നൃത്തസംവിധായിക, നാടക വിദഗ്ദ്ധ എന്നീ നിലകളില്‍ ശ്രദ്ധ നേടുകയും ചെയ്തിട്ടുള്ള ലാവീനിയ ഫ്രേ ആയിരുന്നു സെഷനിലെ പ്രധാന പ്രഭാഷക. ഡിസി ബുക്‌സ് സിഇഒ-യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്ഥാപകനുമായ രവി ഡിസി ആയിരുന്നു സെഷന്റെ മോഡറേറ്റര്‍.

ജര്‍മ്മനിയുടെ തലസ്ഥാന നഗരത്തില്‍ നടക്കുന്ന ബെര്‍ലിന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലും കോഴിക്കോട് അറബിക്കടലിന്റെ തീരത്ത് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും തമ്മിലുള്ള ആശയവിനിമയ രീതികളെയും സംഘടനാ രീതികളെയും കുറിച്ചാണ് ലവീനിയ ഫ്രേയും രവി ഡിസിയും ഈ സെഷനില്‍ സംസാരിച്ചത്. 2000-ല്‍ ആരംഭിച്ച ബെര്‍ലിന്‍ ഫെസ്റ്റിവലിന് കഴിഞ്ഞ വര്‍ഷം 110 പരിപാടികളുണ്ടായിരുന്നുവെന്ന് ലാവീനിയ ഫ്രേ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 150 മലയാളം സെഷനുകളും 150 ഇംഗ്ലീഷ് സെഷനുകളും ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്.

വലിയ നഗരങ്ങളായിട്ടും ചെറിയ ഇടങ്ങള്‍ നല്‍കുന്ന ആത്മബന്ധം അതുല്യമാണെന്ന് രവി ഡിസി ചൂണ്ടിക്കാട്ടി. ബെര്‍ലിനില്‍ മാളുകളും പബ്ബുകളും അണ്ടര്‍ഗ്രൗണ്ട് ഇടങ്ങളും ഉള്ളപ്പോഴും, ചെറിയ വേദികളിലാണ് കൂടുതല്‍ അര്‍ത്ഥവത്തായ സംവാദങ്ങള്‍ നടക്കുന്നത്. കേരളം രാജ്യത്തെ പ്രസാധന രംഗത്ത് വെറും രണ്ട് ശതമാനം മാത്രമായിട്ടും, സാഹിത്യ പ്രസാധനങ്ങളില്‍ കേരളമാണ് വലിയ പങ്ക് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles