കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) 2026-ന് മുന്നോടിയായി കുട്ടികള്‍ക്കായിട്ടുള്ള ചില്‍ഡ്രന്‍സ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (സികെഎല്‍എഫ്) സ്കൂള്‍ ഔട്ട്റീച്ച് ആരംഭിച്ചു. ജനുവരി 19-ന് ആരംഭിച്ച ചില്‍ഡ്രന്‍സ് കെഎല്‍എഫ് സ്കൂള്‍ ഔട്ട്റീച്ച്, ജനുവരി 21-ന് വരെ തുടരും. കോഴിക്കോട് നഗരത്തിലെ 45-ഓളം സ്കൂളുകളിലാണ് സികെഎല്‍എഫ് സ്കൂള്‍ ഔട്ട്റീച്ച് നടത്തുക. സികെഎല്‍എഫ്-നെ കുറിച്ച് കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സികെഎല്‍എഫ് ഈ വര്‍ഷവും കുട്ടികള്‍ക്കായി വൈവിധ്യമാര്‍ന്ന സാഹിത്യ-സാംസ്കാരിക പരിപാടികളുമായിട്ടാണെത്തുന്നത്. കുട്ടികളില്‍ വായനാശീലവും വ്യക്തിത്വവികാസവും ലക്ഷ്യംവെച്ച് വിവിധങ്ങളായ വര്‍ക്ക് ഷോപ്പുകള്‍, കഥപറച്ചില്‍ സെഷനുകള്‍, ഇന്ററാക്ടിവ് സെഷനുകള്‍ എന്നിങ്ങനെ നിരവധി പരിപാടികളാണ് ഇത്തവണയും സികെഎല്‍എഫ്-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബഹിരാകാശയാത്രിക സുനിത വില്യംസ് (Sunita Williams), പക്ഷിശാസ്ത്രജ്ഞ നോറ സ്റ്റാംപി (Nora Stampe), അഭിനേതാക്കളായ പ്രകാശ് രാജ് (Prakash Raj), റിമ കല്ലിങ്കല്‍ (Rima Kallingal) എന്നിവരുള്‍പ്പടെ കല-സാഹിത്യ-സാംസ്കാരിക ശാസ്ത്ര മേഖലയിലെ നിരവധി പ്രമുഖര്‍ സികെഎല്‍എഫ്-ലെ വിവിധ സെഷനുകളില്‍ കുട്ടികളുമായി നേരിട്ട് സംവദിക്കും.
പരോ ആനന്ദ് (Paro Anand), റിച്ച ഝാ (Richa Jha), ഭാരതി സിങ് (Bharti Singh), സരിത റാവു (Saritha Rao), ശോഭ തരൂര്‍ ശ്രീനിവാസന് (Shobha Tharoor Srinivasan), അനിതാ നായര്‍ (Anita Nair), ശ്രിജന്‍പാല്‍ സിംഗ് (Srijanpal Singh), ബുള്‍ബുള്‍ ശര്‍മ്മ (Bulbul Sharma), ഖൈറുനിസ എ (Khyrunnisa A), വൈശാലി ഷ്റോഫ് (Vaishali Shroff), ആയിഷ ഗമിയറ്റ് (Ayesha Gamiet) , ഇങ്ക രാംകി (Inga Ramcke), ആങ്കെ ഖുല്‍ (Anke Kuhl), അലീന ഇഫ്തികര്‍ (Alina Ifthikar), സാവിയോ മസ്കരേനസ് (Savio Mascarenhas), അപര്‍ണ സുന്ദരേശന് (Aparna Sundaresan), ചിയെന്‍ ഒലിവിയര്‍ (Cheyenne Olivie) തുടങ്ങി പല മേഖലകളിലെ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സികെഎല്‍എഫ്-ലെ സെഷനുകളിലൂടെ കുട്ടികളുമായി സംവദിക്കുന്നു. സാഹിത്യം, കല, ശാസ്ത്രം, പരിസ്ഥിതി, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയ മേഖലകളിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിലൂടെ കുട്ടികളുടെ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
