വിയർപ്പ് തുന്നിയിട്ട കുപ്പായം കവിതയല്ല എന്ന് പറയുന്നതിൽ വരേണ്യതയാണ് കാണാൻ സാധിക്കുക എന്ന് ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍. കെഎല്‍എഫ് 2026ല്‍ സംഗീതജ്ഞരായ ജോബ് കുര്യൻ, ഹരീഷ് ശിവരാമകൃഷ്ണൻ എന്നിവർ പങ്കെടുത്ത'പാട്ടുയാത്രകൾ' എന്ന ചർച്ചയിൽ മോഡറേറ്ററായിരുന്നു ഹരിനാരായണന്‍.
സംഗീതയാത്ര ആരംഭിച്ച അന്നുമുതൽ സ്വന്തമായി സംഗീതം ചെയ്ത് പാടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം എന്ന് ജോബ് കുര്യൻ പറഞ്ഞു. തൻ്റെ പാട്ടുകൾ പ്രേക്ഷകർ സ്വീകരിച്ചില്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അവർ അത് സ്വീകരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിൽ തളരാതെ ഇരിക്കണം എന്നദ്ദേഹം ഇന്നത്തെ സ്വതന്ത്ര സംഗീത കലാകാരന്മാരോടായി പറഞ്ഞു.
സംഗീതത്തിൽ ജാതിയും വരേണ്യതയും കാണാൻ ആകുമോ എന്ന ബി കെ ഹരിനാരായണൻ്റെ ചോദ്യത്തിന് "സംഗീതത്തിൽ ജാതിയുണ്ട്, വരേണ്യത ഒരിക്കലും വരാൻ പാടില്ലാത്ത മേഖലയാണ് കല! " എന്ന് ഹരീഷ് ശിവരാമകൃഷ്ണൻ മറുപടി നൽകി. സംഗീതം അതിൻ്റെ സ്ഥായിയായ ഭാവത്തിൽ തന്നെ നിൽക്കട്ടെ, കേൾക്കുന്ന എല്ലാ സംഗീതത്തിനും താൻ ഒരേ സ്ഥാനമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
