കോഴിക്കോടിന്റെ ചരിത്രം ദിനചര്യയിലൂടെയും അനുഭവങ്ങളിലൂടെയും രേഖപ്പെടുത്തുന്ന മൈക്രോ ആർക്കൈവ് കഥപറച്ചിൽ പദ്ധതിയായ 'ഇറ്റ്സ് നോട്ട് ഓൾ ഡാർക്ക്' എന്ന സംരംഭത്തെക്കുറിച്ചാണ് ക്യൂറേറ്റർ ഇഷിത ഷായും ചരിത്രകാരൻ ഡോ. അജ്മൽ മുഈനും തമ്മിലുള്ള കെഎല്‍എഫ് വേദിയിലെ സംവാദം ശ്രദ്ധ കേന്ദ്രീകരിച്ചത്. കേരളത്തിൽ മലയാളം അറിയാതെ പ്രവർത്തിക്കേണ്ടിവന്ന അനുഭവങ്ങളും ഭാഷ അറിയാത്തതിനാൽ നേരിട്ട വെല്ലുവിളികളും ക്യൂറേറ്റർ ഇഷിത ഷാ പങ്കുവച്ചു. എന്നാൽ, പ്രാദേശികരുടെ അതിഥിസൽക്കാരവും സഹകരണവും ഈ വെല്ലുവിളി മറികടക്കാൻ സഹായിച്ചതായും സംവാദങ്ങളിലൂടെയും വിശ്വാസത്തിലൂടെയും പദ്ധതി വളർന്നുവന്നതായും ഇഷിത ഷാ കുട്ടിച്ചേർത്തു.
പ്രദർശനം പരമ്പരാഗതമായ ഒരു എക്സിബിഷനല്ലെന്നും, മറിച്ച് ഒരു ലൈബ്രറിയായും മ്യൂസിയമായും സാംസ്കാരിക അനുഭവമായും പ്രവർത്തിക്കുന്ന ഇടമായാണ് ഇതിനെ അവർ രൂപകൽപ്പന ചെയ്തതെന്നും അവർ വ്യക്തമാക്കി. കോപ്ര ബസാർ-ലാണ് ഈ എക്സിബിഷൻ നടത്തുന്നത്. മഹത്തായ ചരിത്ര സംഭവങ്ങളേക്കാൾ സാധാരണ ജീവിതത്തിന്റെ അടയാളങ്ങളെ മുൻനിരയിലെത്തിക്കുന്ന മൈക്രോ ആർക്കൈവ് സമീപനമാണ് പദ്ധതി പിന്തുടരുന്നതെന്നും അവർ വിശദീകരിച്ചു.
കോപ്ര ബസാറിൽ ഇപ്പോൾ ഒരുക്കത്തിലിരിക്കുന്ന പ്രദർശനത്തെക്കുറിച്ച് കൂടുതൽ വിശദീകരണം നടത്തിയത് ചരിത്രകാരൻ ഡോ. അജ്മൽ മുഈനാണ്. പ്രദർശനത്തിനായുള്ള വസ്തുക്കളുടെയും കഥകളുടെയും ശേഖരണം പെട്ടെന്ന് നടന്നതല്ലെന്നും ആദ്യം കുടുംബങ്ങളുമായി സമീപിച്ച് ബന്ധം സ്ഥാപിച്ച ശേഷം മാത്രമാണ് അനുമതി തേടിയതെന്നും അദ്ദേഹം പറയുകയുണ്ടായി. മാത്രമല്ല മാസങ്ങളോളം നീണ്ട പരിശ്രമത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും മാത്രമാണ് ഈ ശേഖരണപ്രക്രിയ മുന്നോട്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
