'ഞാനൊരു വൈൽഡ് ഇൻതൂസിയാസ്റ്റ്';  വേറിട്ട ചിന്തയുമായി 'ദ ലൈറ്റ് ഓഫ് വൈൽഡർ തിംഗ്സ്' എഴുത്തുകാരൻ

KLF

'ഞാനൊരു വൈൽഡ് ഇൻതൂസിയാസ്റ്റ്'; വേറിട്ട ചിന്തയുമായി 'ദ ലൈറ്റ് ഓഫ് വൈൽഡർ തിംഗ്സ്' എഴുത്തുകാരൻ


വന്യജീവികൾ വളരെ അകലെയല്ലെന്നും, വാതിൽ തുറന്നാൽ തൊട്ടു മുമ്പിൽ അവരുണ്ടെന്നും എഴുത്തുകാരനും പ്രകൃതിസ്നേഹിയുമായ ഇഷാൻ ഷാനവാസ്. കെ എൽ എഫ് 2026 ഒമ്പതാം പതിപ്പിൽ പി പി പ്രമോദുമായി സംവദിക്കവേയാണ് ഇഷാൻ ഷാനവാസ് ഇക്കാര്യം വ്യക്തമാക്കിയത്. സദസിൽ നിന്നുള്ള ഒരാളുടെ ചോദ്യത്തിന് താൻ ഒരു 'വൈൽഡ് ഇൻതൂസിയാസ്റ്റ്' ആണെന്നാണ് ഇഷാൻ സ്വയം പരിചയപ്പെടുത്തിയത്. ബെസ്റ്റ് സെല്ലറായി മാറിയ 'ദ ലൈറ്റ് ഓഫ് വൈൽഡർ തിംഗ്സ്' എന്ന തൻ്റെ പുസ്തകത്തെക്കുറിച്ചും ഇഷാൻ സംസാരിച്ചു.

ഋഷിവാലി (ആന്ധ്രപ്രദേശ്) സ്കൂളിലെ അധ്യയനം തന്നെ വനങ്ങളോടും വന്യജീവികളോടും തന്നെ കൂടുതലായി അടുപ്പിച്ചുവെന്ന് ഇഷാൻ പറഞ്ഞു. ഇത് പതിനാലാം വയസ്സിൽ ആദ്യമായി ഒരു കടുവയെ നേരിട്ട് കണ്ടതു പോലെയുള്ള അപൂർവ അനുഭവങ്ങൾ സമ്മാനിച്ചു. അപകടകാരികൾ എന്ന് ആർക്കും തോന്നുന്ന ഒട്ടനവധി ജീവികളുമായി അടുത്തിടപഴകിയ വനയാത്രികനാണ് ഇഷാന്‍. കാടിനുള്ളില്‍ അപകടം കൂടാതെ എങ്ങനെ സുരക്ഷിതമായി സഞ്ചരിക്കാമെന്നു പൊതുജനങ്ങള്‍ക്കും മനസിലാക്കാന്‍ ഐഎഫ്എസ് (Indian Forest Service) ഉദ്യോഗസ്ഥനായ പി പി പ്രമോദും ഇഷാനും തമ്മിലുള്ള ഈ ചര്‍ച്ച സഹായകമായി.

എന്നാൽ, മനുഷ്യനാണ് എല്ലാത്തിന്റെയും കേന്ദ്രം എന്ന മിഥ്യാ ധാരണയിൽ നിന്നാണ് ഇത്തരം ഭയം ഉടലെടുക്കുന്നതെന്നും ഒട്ടുമിക്ക വന്യജീവികളും മനുഷ്യരുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലുന്നില്ലെന്നും ഇഷാൻ പറഞ്ഞു. ദ ലൈറ്റ് ഓഫ് വൈൽഡർ തിംഗ്സ് എന്ന ഇഷാൻ ഷാനവാസിൻ്റെ പുസ്തകം അഞ്ചു മാസം കൊണ്ട് ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയിരുന്നു.


Related Articles