KLF 2026 രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ വേദി 3 കഥ വ്യത്യാസമായൊരു കഥ പറച്ചിൽ രീതിക്കാണ് സാക്ഷ്യം വഹിചത്. ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിൽ 'ഗ്രാഫിക് നോവൽ' എന്ന മാധ്യമത്തിന് ജന പ്രീതി നേടിക്കൊടുത്തവരിൽ പ്രധാനിയായ സാരാനാഥ് ബാനർജിയുടെ സെഷൻ പ്രേക്ഷകരിൽ കൗതുകമുണർത്തി. തന്റെ ഏറ്റവും പുതിയ ഗ്രാഫിക് നോവലായ 'അബ്സൊല്യൂട്ട് ജാഫറിന്റെ' കഥാപശ്ചാത്തലത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും മോഡറേറ്റർ സബിത സച്ചിയോട് വാചാലനാവുകയായിരുന്നു അദ്ദേഹം.
ചിത്രംവരയും കഥപറച്ചിലും ഒത്തിണക്കി, ചരിത്രവും വർത്തമാനകാല നഗരജീവിതവും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശൈലി രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്.
അദ്ദേഹം തന്റെ പുതിയ നോവലിൽ ഡൽഹി, കറാച്ചി, ബെർലിൻ എന്നീ മൂന്ന് നഗരങ്ങളെ മനോഹരമായി വരച്ചു കാട്ടുന്നു. ഒരു ഗ്രാഫിക്സ് നോവലിസ്റ്റിന്റെ ലെൻസിലൂടെ അദ്ദേഹം വളരെ സൂഷ്മതയോടെ കഥ പറയുമ്പോൾ 3 നഗരങ്ങളെയും, അവിടെ ജീവിക്കുന്ന കഥാപാത്രങ്ങളെയും എളുപ്പം വയനക്കാരിലേക്ക് എത്തിക്കാൻ കഴിയുന്നുണ്ട്. പുസ്തകത്തിലൂടെ ഇന്ത്യൻ ബ്യുറോക്രസിയുടെ മന്ദതയെയും, പൊള്ളത്തരത്തെയും വരച്ചു കാട്ടുന്നുണ്ട്. ജന്മദേശത്തു നിന്ന് പറിച്ചു നടപ്പെട്ട പ്രവാസികളെ നമീബിയയിൽ നിന്നും ഗവണ്മെന്റ് ഇന്ത്യയിൽ എത്തിച്ച ചീറ്റകളോടായിരുന്നു അദ്ദേഹം ഉപമിച്ചത്. ഇതിലൂടെ പ്രവാസികളുടെ അതിജീവനത്തിലെ ബുദ്ധിമുട്ടുകളെയും മാനസിക സംഘർഷങ്ങളെയുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
